മിനിമം ബാലന്‍സ് സൂക്ഷിച്ചില്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കുമോ? അക്കൗണ്ട് ഉടമകൾ അറിയേണ്ടത്

ഉപഭോക്താക്കൾ മിനിമം ബാലൻസ് നിബന്ധന പാലിക്കുന്നില്ലെങ്കിൽ, ബാങ്കുകൾ ഇടപാടുകാരെ അറിയിക്കേണ്ടതുണ്ട്.

Saving bank account minimum balance rule. Account Holder must know about this

സേവിങ്സ് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. എന്നാൽ പലപ്പോഴും പലർക്കും തലവേദനയാകാറുള്ളത് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കുന്നതാണ്. എന്നാൽ അക്കൗണ്ട് ഉടമകൾ അറിയാതെ പിഴ ചുമത്താൻ ബാങ്കിന് കഴിയില്ല. മാത്രമല്ല അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആക്കാൻ ബാങ്കുകൾക്ക് അധികാരമില്ല. അക്കൗണ്ടിലെ ബാലൻസ് ഏതാണ്ട് തീരാറാകുമ്പോൾ പിഴ ഈടാക്കിയാൽ, അക്കൗണ്ട്  ബാലൻസ് നെഗറ്റീവ് ആകാനും സാധ്യതയുണ്ട്. ആർബിഐ നിർദ്ദേശപ്രകാരം പിഴ ഈടാക്കേണ്ടത് എപ്രകാരമെന്ന് നോക്കാം.

2014 നവംബർ 20ന് പുറപ്പെടുവിച്ച ആർബിഐ സർക്കുലർ പ്രകാരം ഉപഭോക്താവിന്റെ പ്രയാസങ്ങളും, അശ്രദ്ധയും  ബാങ്കുകൾ അനാവശ്യമായി മുതലെടുക്കരുതെന്ന് വ്യക്തമാക്കുന്നുണ്ട്.. ഉപഭോക്താക്കൾ മിനിമം ബാലൻസ് നിബന്ധന പാലിക്കുന്നില്ലെങ്കിൽ, ബാങ്കുകൾ ഇടപാടുകാരെ അറിയിക്കേണ്ടതുണ്ട്. സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനുള്ള   ചാർജുകളെക്കുറിച്ചും  ഉപഭോക്താക്കളെ അറിയിക്കണമെന്നും,  സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവാകാൻ പാടില്ലെന്നും ആർബിഐ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

 ആർബിഐ മാർഗനിർദേശങ്ങൾ
ആർബിഐ സർക്കുലർപ്രകാരം സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന്  ഒരു ബാങ്ക് ചില മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്:  അതായത് ഒരു ഉപഭോക്താവ്  മിനിമം ബാലൻസ് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ന്യായമായ കാലയളവിനുള്ളിൽ അത് പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ അക്കൗണ്ട് ഉടമയ്ക്ക് അവസരം നൽകും. അനുവദിച്ച സമയം അതിക്രമിച്ചാൽ പിഴ തുക ഈടാക്കാം.

പിഴ തുക ഈടാക്കും മുൻപ്എ സ്എംഎസ് മുഖേനയോ ഇമെയിൽ, കത്ത് എന്നീ മാർഗങ്ങൾ വഴിയോ  മിനിമം ബാലൻസ് സൂക്ഷിച്ചിട്ടില്ലെന്ന വിവരം അക്കൗണ്ട് ഉടമയെ ബാങ്കുകൾ അറിയിക്കണം. മിനിമം ബാലൻസ് അനുവദിച്ച കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്. എത്ര രൂപ കുറവുണ്ട് എന്നതിനു ആനുപാതികമായിരിക്കണം പിഴത്തുക. ചാർജുകൾ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാവുന്നതാണ്. ന്യായമായ ചാർജുകൾ മാത്രമേ ചുമത്താൻ പാടുള്ളുവെന്നും മാർഗനിർദ്ദേശങ്ങളിൽപ്പറയുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios