Asianet News MalayalamAsianet News Malayalam

സാംസങിന് മോശം കാലമോ... പിരിച്ചുവിടുന്നത് 200 ലധികം ജീവനക്കാരെ; കാരണം ഇതാണ്

പിരിച്ചുവിടലുകള്‍ മൊബൈല്‍ ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയെ ബാധിക്കും.

Samsung  to layoff employees amid falling sales, rising competition in India
Author
First Published Sep 11, 2024, 6:39 PM IST | Last Updated Sep 11, 2024, 7:20 PM IST

മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ സാംസങ് ഇന്ത്യ 200 ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു. ബിസിനസ് വളര്‍ച്ചയിലെ ഇടിവും വര്‍ദ്ധിച്ചുവരുന്ന മത്സരവുമാണ് സാംസങ്ങിന്‍റെ തീരുമാനത്തിന് കാരണം. മാനേജര്‍ തലത്തിലുള്ള 9-10% ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സാംസങ് ഇന്ത്യയില്‍ നിലവില്‍ 2,000 എക്സിക്യൂട്ടീവുകളാണുള്ളത്. പിരിച്ചുവിടലുകള്‍ മൊബൈല്‍ ഫോണുകള്‍, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, മറ്റ് വിഭാഗങ്ങള്‍ എന്നിവയെ ബാധിക്കും. മൂന്ന് മാസത്തെ ശമ്പളം നല്‍കിയാണ് പിരിച്ചുവിടല്‍. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളിലെ ചെലവ് കുറയ്ക്കാന്‍ സാംസങ് ആസ്ഥാനമായ സിയോളില്‍ നിന്ന് വ്യക്തമായ നിര്‍ദ്ദേശമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദീപാവലിക്ക് ശേഷം വില്‍പ്പന മെച്ചപ്പെട്ടില്ലെങ്കില്‍, പിരിച്ചുവിടലുകളുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.

ചെലവ് ചുരുക്കല്‍ ശ്രമങ്ങളുടെ ഭാഗമായി ടെലിവിഷന്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയ ചില ബിസിനസ്സ് വിഭാഗങ്ങള്‍ കമ്പനി ലയിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് വഴിയും പലരുടേയും ജോലി നഷ്ടപ്പെടുന്നതിന് സാധ്യതയുണ്ട്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ കടുത്ത പോരാട്ടത്തിലൂടെയാണ് സാംസംഗ് കടന്നുപോകുന്നത്. വില്‍പനയുടെ കാര്യത്തില്‍ ചൈനീസ് കമ്പനിയായ ഷവോമി സാംസങ്ങിനെ പിന്തള്ളിയിരുന്നു, കൗണ്ടര്‍പോയിന്‍റ് റിസര്‍ച്ച് ഡാറ്റ അനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ സാംസങ്ങിന്‍റെ വില്‍പന വിഹിതം 2024 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 18.1% ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 18.4% ആയിരുന്നു.

പ്രകടനം മെച്ചപ്പെടുത്തുന്നതിനും വിപണിയിലെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിഷ്കാരങ്ങളെന്ന് സാംസങ് വ്യക്തമാക്കി. ഈ വര്‍ഷമാദ്യം സാംസങ് ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ വിഭാഗത്തിലേയും ഇലക്ട്രോണിക്സ് വിഭാഗത്തിലേയും  പ്രധാന ഉദ്യോഗസ്ഥര്‍ രാജി വച്ചിരുന്നു. അതിനിടെ  സാംസങ്ങിന്‍റെ ചെന്നൈ ഫാക്ടറിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതും കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ ഉല്‍പാദനത്തെ സമരം ബാധിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios