പണമിടപാട് യുപിഐ വഴിയാണോ? തട്ടിപ്പിൽ വീഴാതിരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

 കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും വര്‍ധിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് എളുപ്പമുള്ള വഴിയാണ് ഡിജിറ്റല്‍ പേയ്മെന്റ് 

safety tips on upi transactions check them out apk

യുപിഐ വഴിയുള്ള പണമിടപാട് ഇന്ന് ഏറെ ജനകീയമാണ്. നാട്ടിന്‍പുറത്തെ ചെറിയ കടകളില്‍ പോലും പണമിടപാടിന് യുപിഐ ഉപയോഗിക്കുന്നുണ്ട്. യുപിഐ പണമിടപാടിന്  സാധാരണക്കാര്‍ക്കിടയില്‍ പോലും അത്രയേറെ സ്വീകാര്യതയുണ്ട് . കാരണം ബാങ്കില്‍  പോയി ക്യൂ നിന്ന് പണമടച്ച കാലത്തുനിന്നും പണമിടപാടുകളെ സിംപിളാക്കിയത് യുപിഐ എന്ന യൂണിഫൈഡ് ഇന്റര്‍ഫേസിന്റ കൂടി വരവാണ്. 

കോവിഡ് ഭീതിയുടെ കാലത്താണ് ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഉപയോഗം വര്‍ധിച്ചത്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാണെന്ന് തിരിച്ചറിഞ്ഞ് തുടങ്ങിയതോടെ  യുപിഐ ആപ്പുകളുടെ ഉപയോഗവും  കൂടി. യുപിഐ ഐഡിയോ യുപിഐ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറോ ലഭിച്ചാല്‍ പണം സ്വീകരിക്കാനും, അയക്കാനും കഴിയുമെന്നതും സ്വീകാര്യത കൂട്ടാന്‍ കാരണമായി

യുപിഐ വഴിയുള്ള പണമിടപാടുകള്‍ പരാജയപ്പെടുന്നത് കുറവാണെന്നതും ജനപ്രിയത കൂട്ടിയിട്ടുണ്ട്. അതേസമയം കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഡിജിറ്റല്‍ ഇടപാടുമായി ബന്ധപ്പെട്ട് തട്ടിപ്പുകളും വര്‍ധിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ക്ക് എളുപ്പമുള്ള വഴിയാണ് ഡിജിറ്റല്‍ പേയ്മെന്റ് എന്നത് കൂടി ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം. കാരണം സാമ്പത്തിക തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നുണ്ട്. എന്നാല്‍ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ യുപിഐ ഇടപാടുകള്‍ സുരക്ഷിതമായി തന്നെ ഉപയോഗിക്കാം. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ നോക്കാം.

  • പണം സ്വീകരിക്കുമ്പോള്‍, സ്വീകരിക്കുന്ന വ്യക്തിയുടെ യുപിഐ പിന്‍ നമ്പര്‍ നല്‍കേണ്ടതില്ല
  • നിങ്ങള്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍, അയക്കുന്ന വ്യക്തിയുടെ പ്രൊഫൈല്‍ പരിശോധിക്കുക, തെറ്റില്ലെന്ന് ഉറപ്പുവരുത്തുക
  • നിങ്ങളുടെ യുപിഐ പിന്‍ ആരുമായും പങ്കുവെയ്ക്കരുത്
  • പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നുള്ള പേയ്മെന്റ് അഭ്യര്‍ത്ഥനങ്ങള്‍ തള്ളിക്കളയുക, അവ സ്വീകരിക്കരുത്
  • ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം അടയ്ക്കുമ്പോള്‍,  ഗുണഭോക്താവിന്റെ ഐഡന്റിറ്റി കൃത്യമായി പരിശോധിക്കുക
  • ചെറിയ ചെറിയ ഇടവേളകളില്‍ യുപിഐ പിന്‍ നമ്പര്‍ മാറ്റുക

പൊതുവെ ചെറിയ തുകകളാണ് യുപിഐ വഴി അയക്കുന്നത്. യുപിഐയെ നിയന്ത്രിക്കുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ദൈനം ദിന ഇടപാടുകള്‍ക്കുള്ള പരിധി നിശ്ചയിക്കുന്നത്. ഇത് പ്രകാരം ദിവസം 20 ഇടപാടുകള്‍ മാത്രമേ ഒരു ആപ്പ് വഴി നടത്താന്‍ കഴിയുകയുള്ളു. പരിധി കഴിഞ്ഞാല്‍  അടുത്ത 24 മണിക്കൂറിന് ശേഷം മാത്രമേ വീണ്ടും ഇടപാട് നടത്താന്‍ കഴിയുകയുള്ളു. മാത്രമല്ല നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം ദിവസം 1 ലക്ഷം വരെയുള്ള ഇടപാടുകള്‍ നടത്താം.

Latest Videos
Follow Us:
Download App:
  • android
  • ios