രൂപ വീണ്ടും വീണു; 82 ലേക്കടുത്ത് രൂപയുടെ മൂല്യം
രൂപയുടെ തകർച്ച തുടരുന്നു. മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞു. ഒരു ഡോളർ ലഭിക്കാൻ 82 രൂപ നൽകേണ്ടി വരുമോ?
മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. യുഎസ് ഡോളറിനെതിരെ രൂപ 40 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.93 എന്ന നിലയിലെത്തി. 40 പൈസയുടെ ഇടിവാണ് ഇന്ന് ഉണ്ടായത്. ഇന്നലെ രൂപയുടെ വിപണി മൂല്യം 81.5788 ആയിരുന്നു.
അതേസമയം ഡോളർ ശക്തിയാർജ്ജിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ ഡോളർ ഉള്ളത്. രൂപയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും താഴ്ന്ന നിരക്കാണ് നിലവിൽ ഉള്ളത്. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതും ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളറിന്റെ ആവശ്യകത ഉയർന്നതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി.
രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുമ്പോൾ ആർബിഐയുടെ പണനയ യോഗത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വിപണി. ഈ മാസത്തിന്റെ അവസാനമാണ് ആർബിഐയുടെ എംപിസി മീറ്റിങ്ങ്. അതേസമയം രൂപയുടെ മൂല്യം ഇനിയും ഇടിയാനുള്ള സാധ്യതയാണ് വിപണി നിരീക്ഷകർ കാണുന്നത്. ൮൨ വരെ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യത ഉണ്ട്.
പണപ്പെരുപ്പം തടയാൻ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതോടുകൂടിയാണ് ഡോളർ സൂചിക രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. ഇരുപത് വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 111.80 ൽ ആണ് ഡോളർ ഉള്ളത്. രൂപയുടെ മൂല്യ തകർച്ച തടയാൻ ആർബിഐ പരിശ്രമം തുടരുന്നുണ്ട്. എന്നാൽ രൂപയുടെ മൂല്യത്തകർച്ച തടയാൻ റിസർവ് ബാങ്ക് ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. അതേസമയം, രൂപയുടെ മൂല്യം 80ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.