Asianet News MalayalamAsianet News Malayalam

തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ റെക്കോര്‍ഡ് ഇടിവ്

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വിപണിയില്‍ ദൃശ്യമായതോടെ റിസര്‍വ് ബാങ്ക് വിപണിയിലിടപെട്ടു. കൂടുതല്‍ ഡോളര്‍ വിപണിയിലെത്തിച്ചാണ് രൂപയുടെ കനത്ത ഇടിവിനെ പ്രതിരോധിക്കാന്‍ ആര്‍ബിഐ ശ്രമം നടത്തിയത്.

Rupee falls to all-time low against dollar amid oil price surge
Author
First Published Oct 11, 2024, 6:10 PM IST | Last Updated Oct 11, 2024, 6:10 PM IST

രിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം. ഡോളറിനെതിരെ രൂപയുടെ മൂല്യം 84 എന്ന നിലയിലേക്കാണ് ഇടിഞ്ഞത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപം വിറ്റഴിക്കുന്നത് തുടരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. പശ്ചിമേഷ്യ സംഘര്‍ഷം കാരണം ബ്രെന്‍റ് ക്രൂഡ് വില ഉയരുന്നതും രൂപയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കി.  വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍  ഒക്ടോബര്‍ മാസം ഇതുവരെ 53,974 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചിലെ 61,973 കോടി രൂപയ്ക്ക് ശേഷം വിദേശ നിക്ഷേപകര്‍ പിന്‍വലിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. 2022 ജൂണില്‍ 50,203 കോടി രൂപയായിരുന്നു വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ വിറ്റഴിച്ചത്. ഇന്നലെ മാത്രം 4926 കോടി രൂപയുടെ ഓഹരികള്‍ എഫ്പിഐ വിറ്റഴിച്ചു. നിക്ഷേപങ്ങള്‍ വിറ്റഴിക്കുന്നത് ഡോളറിന്‍റെ ആവശ്യകത കൂട്ടും. ഇതാണ് രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ചൈനീസ് വിപണിയിലെ ഓഹരികളുടെ മൂല്യം ആകര്‍ഷകമായതാണ് ഇന്ത്യ വിടാന്‍ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും രൂപയെ റെക്കോര്‍ഡ് താഴ്ചയിലേക്ക് നയിച്ചു. എണ്ണ ഉല്‍പാദക രാഷ്ട്രമായ ഇറാനും ഇസ്രായേലും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ക്രൂഡ് വില ഉയരാന്‍ കാരണമായിട്ടുണ്ട്. ബ്രെന്‍റ് ഓയില്‍ വില ഒക്ടോബറില്‍ ഇതുവരെ 10 ശതമാനത്തിലധികം ഉയര്‍ന്നു.ബാരലിന് 79.33 ഡോളറിലാണ് ക്രൂഡ് വ്യാപാരം നടക്കുന്നത്. മില്‍ട്ടണ്‍ കൊടുങ്കാറ്റ് മൂലം അമേരിക്കന്‍ തീരങ്ങളിലെ എണ്ണ ഉല്‍പാദനം കുറയാനിടയാക്കിയിട്ടുണ്ട്. ഇതും ആഗോള വില വര്‍ധനവിന് കാരണമായിട്ടുണ്ട്.

രൂപയുടെ റെക്കോര്‍ഡ് തകര്‍ച്ച വിപണിയില്‍ ദൃശ്യമായതോടെ റിസര്‍വ് ബാങ്ക് വിപണിയിലിടപെട്ടു. കൂടുതല്‍ ഡോളര്‍ വിപണിയിലെത്തിച്ചാണ് രൂപയുടെ കനത്ത ഇടിവിനെ പ്രതിരോധിക്കാന്‍ ആര്‍ബിഐ ശ്രമം നടത്തിയത്.

Latest Videos
Follow Us:
Download App:
  • android
  • ios