എൽപിജി സിലിണ്ടറിന് വിലകൂടുമോ? ജൂൺ 1മുതൽ മാറ്റങ്ങളുണ്ട്; കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാൻ അറിയേണ്ടത്
ജൂൺ ഒന്ന് മുതൽ പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് പ്രതിമാസ ബജറ്റിനെ ബാധിക്കുക തന്നെ ചെയ്യും.
വരവും ചെലവും കണക്കുകൂട്ടി പ്രതിമാസ ബജററ് കൈകാര്യം ചെയ്യുക എന്നത് വലിയ ഉത്തരവാദിത്വമുള്ള കാര്യം തന്നെയാണ്. അല്ലെങ്കിൽ ശമ്പളം കിട്ടിക്കഴിഞ്ഞാൽ മാസം പകുതിയാകുമ്പോഴേക്കും പോക്കറ്റും കാലിയാകും. ജൂൺ ഒന്ന് മുതൽ പഴയതുപോലെയല്ല കാര്യങ്ങൾ. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് പ്രതിമാസ ബജറ്റിനെ ബാധിക്കുക തന്നെ ചെയ്യും. അതുകൊണ്ടുതന്നെ പുതിയ മാറ്റങ്ങൾ പ്രതിമാസ ചെലവുകളെ ബാധിക്കുന്നതിനെക്കുറിച്ച് ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്.
എൽപിജി സിലിണ്ടർ വില കൂടിയേക്കാം
പാചകവാതക വിലവർധനവ് എപ്പോഴും സാധാരണക്കാരന് തിരിച്ചടി തന്നെയാണ്. എൽപിജി, സിഎൻജി, പിഎൻജി എന്നിവയുടെ വില എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് നിശ്ചയിക്കുക. 2023 ജൂൺ 01 മുതൽ ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്കരിക്കുമെന്നാണ് സൂചന. 19 കിലോഗ്രാമിന്റെ വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില ഏപ്രിൽ, മെയ് മാസങ്ങളിൽ വെട്ടിക്കുറച്ചിരുന്നു. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ ഇതുവരെ മാറ്റമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ജൂണിൽ സിലിണ്ടറിന്റെ വിലയിൽ മാറ്റമുണ്ടാകുമോയെന്നതും കണ്ടറിയണം.
ഇലക്ട്രിക് സ്കൂട്ടറുകൾക്ക് വില കൂടും
ജൂൺ ഒന്ന് മുതൽ രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നത് ചെലവേറിയതാകും. മെയ് 21ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി കുറച്ചിരുന്നു..സബ്സിഡി എംആർപിയുടെ 40 ശതമാനത്തിൽ നിന്ന് 15 ശതമാനം ആയി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. അതായത്, ജൂണിൽ ഒരു ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങുന്നതിന് ചിലവു കൂടുന്ന കാര്യമാണ്. ജൂൺ ഒന്നിനോ അതിനുശേഷമോ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് പുതിയ മാറ്റം ബാധകമായിരിക്കും.
അവാകശികളില്ലാത്ത പണം
ബാങ്കുകളിൽ കിടക്കുന്ന ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അവകാശികളെ കണ്ടെത്താൻ ആർബിഐ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ ആണ് പ്രത്യേക ക്യാപെയ്ൻ നടത്തുന്നതെന്ന് ആർബിഐ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.