Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്
ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ട് ഇലോൺ മസ്‌ക്. എത്താൻ പറ്റില്ലെങ്കിൽ ജോലി അവസാനിപ്പിക്കാമെന്നും വർക്ക് ഫ്രം ഹോം ഇനിയില്ലെന്നും മസ്‌ക് വ്യക്തമാക്കി
വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് അവസാനിപ്പിച്ച് ഓഫീസുകളിലേക്ക് തിരിച്ച് വരാൻ ജീവനക്കാരോട് ആവശ്യപ്പെട്ട് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്‌ക്. തിരിച്ച് സ്ഥാപനങ്ങളിൽ എത്തിയില്ലെങ്കിൽ പണി നിർത്തി വീട്ടിലിരുന്നോളാൻ ആണ് മസ്കിന്റെ നിർദേശം. ജീവനക്കാർക്ക് ടെസ്‌ല കമ്പനി അയച്ച ഇമെയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
ജീവനക്കാർക്കുള്ള മസ്‌കിന്റെ ഇമെയിലുകൾ, കമ്പനിയുമായി ബന്ധപ്പെട്ട വിവരമായതിനാൽ രഹസ്യസ്വഭാവമുള്ളതായിരിക്കണം, എന്നാൽ ഈ ഇമെയിലുകളിലുള്ള ഉള്ളടക്കം ജീവനക്കാരെ ചൊടിപ്പിച്ചു എന്ന് തന്നെ പറയാം. തിരിച്ച് ഓഫീസുകളിൽ എത്തിയില്ലെങ്കിൽ ജോലി നഷ്ടപ്പെട്ടതായി കണക്കാക്കിയാൽ മതിയെന്നാണ് മെയിലിൽ മസ്‌ക് വ്യക്തമാക്കിയിരിക്കുന്നത്. പല ജീവനക്കാരും മസ്കിന്റെ ഈ സന്ദേശം കണ്ട് അസ്വസ്ഥരായതിൽ അത്ഭുതമില്ല. ഫലമോ ഈ ഇമെയിലുകൾ ചോർന്നു. ഇപ്പോൾ ഇന്റർനെറ്റിൽ മസ്കിന്റെ ഈ മെയിലുകൾ സജീവ ചർച്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.
Read Also: 3000 പേർ പുറത്തേക്ക്; എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ
കൊവിഡ് ഇതുവരെ അവസാനിച്ചില്ലെങ്കിലും അതിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. അണുബാധയ്ക്കുള്ള സാധ്യത കുറവായതിനാൽ ലോകത്തെ പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച് ജീവനക്കാരെ തിരിച്ച് വിളിച്ചിട്ടുണ്ട്. ആപ്പിളും ഗൂഗിളും പോലുള്ള ചില വലിയ കമ്പനികൾ ചില ഉദ്യോഗസ്ഥരെ മാത്രം തിരിച്ച് വിളിച്ചു. എന്നാൽ ചെറുകിട കമ്പനികളെല്ലാം ഇപ്പോൾ കൊവിഡിന് മുൻപുള്ളത് പോലെയാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരോട് ഓഫീസിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്ന ഏറ്റവും പുതിയ കമ്പനിയാണ് ടെസ്‌ല. രണ്ട് ഇമൈലുകളാണ് ഇലോൺ മസ്‌ക് ജീവനക്കാർക്ക് അയച്ചിട്ടുള്ളത്. ഒന്ന് വർക്ക് ഫ്രം ഹോം അവസാനിക്കണം എന്നുള്ളതും രണ്ടാമത്തേത് അതിലെ വ്യവസ്ഥകളും. 'ഏറ്റവും കുറഞ്ഞത് ആഴ്ചയിൽ 40 മണിക്കൂറെങ്കിലുംഓഫീസിലെത്തി ജോലി ചെയ്യണം. അല്ലാത്തപക്ഷം ജോലിയിൽനിന്ന് പുറത്തുപോകാം.' ഇതാണ് ജീവനക്കാർക്ക് ലഭിച്ച മസ്കിന്റെ സന്ദേശം.
Read Also : IPO : ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിർമ്മാതാക്കൾ ഓഹരി വിപണിയിലെക്ക്