എല്ലാ ജീവനക്കാർക്കും ഇനി മാക്ബുക്ക് നൽകില്ല; ക്രോംബുക്ക് നൽകി ചെലവ് ചുരുക്കാൻ ഗൂഗിൾ
ചെലവേറുന്നു, ജീവനക്കാർക്ക് ക്രോംബുക്ക് നല്കാൻ ഗൂഗിൾ. കമ്പനി ഇതുവരെ എല്ലാ ജീവനക്കാർക്കും മാക്ബുക്ക് നൽകിയിരുന്നു. ക്രോംബുക്ക് നൽകികൊണ്ട് ഗൂഗിൾ ചെലവ് ചുരുക്കുന്നു
ന്യൂയോർക്ക്: ചെലവ് കുറയ്ക്കലിന്റെ ഭാഗമായി 12,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതിന് ശേഷം കൂടുതൽ നടപടികളിലേക്ക് കടന്ന് ഗൂഗിൾ. ഇതിലൊന്നാണ് ജീവനക്കാർക്ക് നൽകുന്ന ആപ്പിൾ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എഞ്ചിനീയറിംഗ് ടീമിന് മാത്രം നൽകുക എന്ന തീരുമാനം. എഞ്ചിനീയറിംഗ് ഇതര വിഭാഗത്തിലെ ജീവനക്കാർക്ക് ക്രോംബുക്ക് ലാപ്ടോപ്പുകൾ നൽകും.
ഇത് കൂടാതെ ഫുഡ് അലവൻസുകളും അലക്കൽ സേവനങ്ങൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗിൾ വെട്ടികുറച്ചിട്ടുണ്ട്. ഹൈബ്രിഡ് വർക്ക് മോഡലിന് അനുയോജ്യമായ രീതിയിൽ ബിസിനസ്സ് ഓഫീസ് സേവനങ്ങൾ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗിളിന്റെ ഫിനാൻസ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു.
ALSO READ: പൗഡർ ഉപയോഗിച്ചവർക്ക് ക്യാൻസർ, 72,000 കോടി നഷ്ടപരിഹാരം നല്കാൻ ജോൺസൺ ആൻഡ് ജോൺസൺ
ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ്12,000 പേരെ പിരിച്ചുവിടുമെന്ന് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് മെയിൽ അയച്ചിരുന്നു.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറഞ്ഞു..
ഇന്ത്യയിലെ ജീവക്കാരെയും ഗൂഗിൾ പിരിച്ചുവിട്ടു. വിവിധ വകുപ്പുകളിലായി ജോലി ചെയ്യുന്ന 453 ജീവനക്കാരെയാണ് പുറത്താക്കിയത്. ഗൂഗിൾ ഇന്ത്യയുടെ ഹെഡും വൈസ് പ്രസിഡന്റുമായ സഞ്ജയ് ഗുപ്ത ജീവനക്കാർക്ക് പിരിച്ചുവിട്ടത് അറിയിച്ചുകൊണ്ടുള്ള ഇമെയിൽ അയച്ചതായാണ് സൂചന.
അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടവരെ സഹായിക്കാൻ പാക്കേജുകൾ നൽകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. ഓരോ സ്റ്റാഫിന്റെയും സേവനകാലയളവ് ഉൾപ്പെടെയുളള ഘടകങ്ങൾ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും പാക്കേജുകൾ തീരുമാനിക്കുക. മാത്രമല്ല, ജോബ് പ്ലേസ്‌മെന്റ്, ഹെൽത്ത് കെയർ ഇൻഷുറൻസ് എന്നിവയിൽ സഹായം നൽകുമെന്നും കമ്പനി അറിയിച്ചിരുന്നു