മുകേഷ് അംബാനിയുടെ ആദ്യത്തെ ബോസിന്റെ മകൻ; ഏറ്റവും ഉയർന്ന പ്രതിഫലം നൽകി റിലയൻസ്, ശമ്പളം ഇതാണ്
മുകേഷ് അംബാനിയുടെ അടുത്ത സഹായികളിലൊരാൾ റിലയൻസിന്റെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജീവനക്കാരനാണ്.
ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. 833215 കോടി രൂപയിലധികം ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർപേഴ്‌സണാണ്. 1763000 കോടി രൂപയിലധികമാണ് റിലയൻസിന്റെ മൂല്യം. റിലയൻസിനെ മുന്നിൽ നിന്നും നയിക്കുന്നത് മുകേഷ് അംബാനി ആണെങ്കിലും വിശ്വതരായ ജീവനക്കാർ കൂടിയാണ് റിലയൻസിന്റെ നെടുംതൂൺ. തനിക്ക് ചുറ്റുമുള്ളവരെ ചേർത്തുനിർത്താൻ മുകേഷ് അംബാനി ശ്രമിക്കാറുണ്ട്. മുകേഷ് അംബാനിയുടെ അടുത്ത സഹായികളിലൊരാൾ റിലയൻസിന്റെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജീവനക്കാരനാണ്. ആരാണ് അതെന്നല്ലേ..
മുകേഷ് അംബാനിയുടെ ആദ്യ ബോസ് രസിക്ഭായ് മേസ്വാനിയുടെ മകൻ നിഖിൽ മെസ്വാനി ആണ് റിലയൻസിൽ ഏറ്റവും കൂടുതൽ വരുമാനം വാങ്ങുന്ന വ്യക്തി. മുകേഷ് അംബാനി തന്റെ പിതാവ് ധീരുഭായ് അംബാനിയുടെ വ്യവസായ പാത പിന്തുടർന്ന് റിലയൻസിലേക്ക് എത്തിയപ്പോൾ, മുകേഷിനെ നയിക്കാൻ ധിരുഭായ് അംബാനി ചുമതലപ്പെടുത്തിയത് ധീരുഭായ് അംബാനിയുടെ അനന്തരവനും റിലയൻസിന്റെ ഡയറക്ടർമാരിൽ ഒരാളുമായ റസിക്ഭായിയെ ആയിരുന്നു.
റസിക്ഭായ് മെസ്വാനിയുടെ മകൻ നിഖിൽ മെസ്വാനി റിലയൻസ് ഇൻഡസ്ട്രീസിലെ ഏറ്റവും ഉയർന്ന ശമ്പളം വാങ്ങുന്ന ജീവനക്കാരനായി. മുകേഷ് അംബാനിയുടെ പാത പിന്തുടരുന്ന നിഖിൽ പ്രൊജക്ട് ഓഫീസറായാണ് തന്റെ കരിയർ ആരംഭിച്ചത്. പതിയെ പതിയെ എക്സിക്യൂട്ടീവ് ഡയറക്ടറായി. 1986-ൽ റിലയൻസിൽ ചേർന്ന നിഖിൽ, 1988 ജൂലൈ 1 മുതൽ കമ്പനിയുടെ ബോർഡിൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. പെട്രോകെമിക്കൽസ് വിഭാഗത്തിലാണ് നിഖിൽ തന്റെ കഴിവ് തെളിയിച്ചത്.
റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്, ഇന്ത്യൻ സൂപ്പർ ലീഗ്, കമ്പനിയുടെ മറ്റ് കായിക സംരംഭങ്ങൾ എന്നിവയുടെ കാര്യങ്ങളിലും നിഖിൽ മെസ്വാനി പങ്കാളിയാണ്. 24 കോടിയാണ് നിഖിൽ പ്രതിഫലമായി വാങ്ങുന്നത്.