ഇഷ അംബാനിയുടെ വലംകൈ, മുകേഷ് അംബാനിയുടെ വിശ്വസ്തൻ; ദർശൻ മേത്തയുടെ വരുമാനം കോടികള്‍
റിലയൻസ് ബ്രാൻഡിന്റെ ആദ്യ ജീവനക്കാരൻ. ഇന്ന് ഇഷ അംബാനിയുടെ വലംകൈയ്യും മുകേഷ് അംബാനിയുടെ വിശ്വസ്തനുമായ ദർശൻ മേത്തയുടെ ശമ്പളം ഇതാണ്
മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ബ്രിട്ടീഷ് കോഫി ശൃംഖലയായ പ്രിറ്റ് എ മാഞ്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു. ടാറ്റ-സ്റ്റാർബക്‌സിന്റെ വിപണി പിടിക്കാനാണ് റിലയൻസിന്റെ നീക്കം. മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിലാണ് റിലയൻസ് ആദ്യ സ്റ്റോർ തുറന്നത്. ലോഞ്ച് ചെയ്ത് ആദ്യ വർഷത്തിൽ തന്നെ ലക്ഷ്വറി കോഫി ബ്രാൻഡിന്റെ 10 ഔട്ട്‌ലെറ്റുകൾ കമ്പനി ആരംഭിക്കും എന്നാണ് സൂചന. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ ഉപകമ്പനിയായ റിലയൻസ് ബ്രാൻഡുമായാണ് ബ്രിട്ടീഷ് കമ്പനി പങ്കാളികളായത്. ദർശൻ മേത്തയാണ് കമ്പനിയുടെ എംഡി. ആരാണ് ദർശൻ മേത്ത?
റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡിന്റെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമാണ് മേത്ത. റിലയൻസ് റീട്ടെയിലിന്റെ ഭാഗമാണ് റിലയൻസ് ബ്രാൻഡ്. ഡിസൈനർ വസ്ത്രങ്ങൾ, ബാഗുകൾ, ഭക്ഷണം എന്നീ മേഖലകളിൽ വിദേശ അധിഷ്ഠിതവും ആഭ്യന്തരവുമായ ആഡംബര ബ്രാൻഡുകളുമായി പങ്കാളികളാവുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ALSO READ: ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്; ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കരുതെന്ന് ഐആർസിടിസി
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ജോർജിയോ അർമാനി, ബോട്ടെഗ വെനെറ്റ, ജിമ്മി ചൂ, ബർബെറി, സാൽവറ്റോർ ഫെറാഗാമോ എന്നിവയുൾപ്പെടെ 50 ലധികം ആഡംബര ബ്രാൻഡുകളുമായി കമ്പനി പങ്കാളിത്തം പുലർത്തിയിട്ടുണ്ട്. 2007ൽ സ്ഥാപിതമായ കമ്പനിയുടെ ആദ്യ ജീവനക്കാരനായിരുന്നു മേത്ത.
റിലയൻസ് ബ്രാൻഡിന്റെ ഹെഡ് ഓഫീസിൽ ഇപ്പോൾ 750 ജീവനക്കാരുണ്ട്. റീട്ടെയിൽ സ്റ്റോറുകളിൽ ജോലി ചെയ്യുന്നവരെ പരിഗണിക്കുകയാണെങ്കിൽ 5000-ത്തിലധികം ജോലിക്കാരുണ്ട്. 60-ലധികം ഇന്ത്യൻ നഗരങ്ങളിലായി 420-ലധികം സിംഗിൾ ബ്രാൻഡ് ഷോപ്പുകളും 350 ഷോപ്പ്-ഇൻ-ഷോപ്പ് സൗകര്യങ്ങളും കമ്പനി നടത്തുന്നു.
ചാർട്ടേഡ് അക്കൗണ്ടന്റാണ് ദർശൻ മേത്ത. 2000-കളുടെ തുടക്കത്തിൽ, ടോമി ഹിലിഗർ, ഗാന്റ്, നോട്ടിക്ക തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ALSO READ: 'കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കൊട്ടാരം'; ആഡംബരത്തിന്റെ മറുവാക്കായി സുന്ദർ പിച്ചൈയുടെ വീട്
2020-21 ൽ, കമ്പനിയുടെ ഫയലിംഗ് പ്രകാരം, ദർശൻ മേത്തയുടെ വരുമാനം 4.89 കോടി രൂപയാണ്. 2022 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനം 67634 കോടി രൂപയായിരുന്നു. ലാഭം 2259 കോടിയിൽ നിന്ന് 2400 കോടിയായി.