സിബിൽ സ്കോർ വില്ലാനാകില്ല, വായ്പ നിയമങ്ങൾ കർശനമാക്കി ആർബിഐ
ആർബിഐയുടെ പുതിയ നിയമം അനുസരിച്ച്, ഓരോ 15 ദിവസം കൂടുമ്പോഴും ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറുകൾ അപ്‌ഡേറ്റ് ചെയ്യണം
സാമ്പത്തിക ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ എത്തുമ്പോഴാണ് പലപ്പോഴും വായ്പയെ കുറിച്ച് പലരും ബോധവാന്മാരാകാറുള്ളത്. ക്രെഡിറ്റ് സ്കോർ കുറവാണെങ്കിൽ വായ്പ ലഭിക്കാൻ കുറെ കഷ്ടപ്പെടും. കുറച്ച് മാസങ്ങൾക്ക് സിബിൽ സ്‌കോറുകളെ സംബന്ധിക്കുന്ന അഞ്ച് നിയമങ്ങൾ റിസർവ് ബാങ്ക് അവതരിപ്പിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോണിറ്ററി പോളിസി കമ്മറ്റി യോഗത്തിന് ശേഷം ആർബിഐ ഇതിൽ ഒരു നിയമം കൂടി ചേർത്തിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം
ആർബിഐയുടെ പുതിയ നിയമം അനുസരിച്ച്, ഓരോ 15 ദിവസം കൂടുമ്പോഴും ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്‌കോറുകൾ അപ്‌ഡേറ്റ് ചെയ്യണം. ഈ നിയമം 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോർ എത്രയും വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. ആർബിഐയുടെ ഈ നിർദ്ദേശത്തോടെ വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ സാമ്പത്തിക വിവരങ്ങൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ലഭിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് ആർബിഐ ഈ ഉത്തരവ് പ്രഖ്യാപിച്ചത്. എന്നാൽ, കാര്യങ്ങൾ നടപ്പിലാക്കാൻ വായ്പ നൽകുന്നവർക്കും ക്രെഡിറ്റ് ബ്യൂറോകൾക്കും ജനുവരി 1 വരെ സമയം നൽകിയിരുന്നു.
എന്താണ് ക്രെഡിറ്റ് സ്കോർ?
ക്രെഡിറ്റ് സ്‌കോർ എന്നാൽ 300-നും 900-നും ഇടയിലുള്ള ഒരു സംഖ്യയാണ്, അത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കാൻ അർഹത ഉണ്ടോ എന്നും അത് തിരിച്ചടയ്ക്കാനുള്ള കഴിവ് ഉണ്ടോ എന്നും അളക്കുന്ന സഖ്യയാണ് ഇത്. ബാങ്കുകളും ക്രെഡിറ്റ് കാർഡ് കമ്പനികളും ഉൾപ്പെടെയുള്ള വായ്പ നൽകുന്നവർ നൽകുന്ന വിവരങ്ങൾ അവലോകനം ചെയ്താണ് ഈ സ്കോർ കണക്കാക്കുന്നത്.