കനറാ ബാങ്കിന്റെ ഈ നീക്കം തടഞ്ഞ് ആർബിഐ; ഉപയോക്താക്കൾക്ക് ഗുണമോ ദോഷമോ? അറിയാം
ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി നോണ്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലൈസന്‍സിനായുള്ള കനറാ ബാങ്കിന്‍റെ അപേക്ഷ ആര്‍ബിഐ തള്ളി.
സ്വന്തം ക്രെഡിറ്റ് കാര്‍ഡ് കമ്പനി തുടങ്ങാനുള്ള കനറാ ബാങ്കിന്‍റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ വിപുലീകരിക്കുന്നതിനായി നോണ്‍ ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ് ലൈസന്‍സിനായുള്ള കനറാ ബാങ്കിന്‍റെ അപേക്ഷ ആര്‍ബിഐ തള്ളി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ബിസിനസ്സിനായി എസ്ബിഐ കാര്‍ഡ്സ് എന്ന പേരില്‍ ഒരു പ്രത്യേക അനുബന്ധ സ്ഥാപനമുണ്ട്. ഈ കമ്പനി ഒരു നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ്. ബാങ്ക് ഓഫ് ബറോഡയ്ക്ക് ബിഒബി കാര്‍ഡുകള്‍ എന്ന പേരില്‍ ഒരു ഉപസ്ഥാപനവുമുണ്ട്. എന്നിട്ടും കനറാ ബാങ്കിന്‍റെ അപേക്ഷ ആര്‍ബിഐ തള്ളി. ബാങ്കുകളില്‍ നിന്നുള്ള സുരക്ഷിതമല്ലാത്ത വായ്പകളുടെ ഗണ്യമായ വര്‍ധനയെക്കുറിച്ചുള്ള ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ വിസമ്മതം എന്നാണ് സൂചന. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നല്‍കുന്ന വായ്പകള്‍ സാധാരണയായി സുരക്ഷിതമല്ലാത്ത വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. അതായത് ഒരു ഗ്യാരണ്ടിയും ഇല്ലാതെയാണ് കാര്‍ഡ് ഉടമയ്ക്ക് വായ്പ ലഭിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായ കാനറ ബാങ്ക് ജൂണ്‍ അവസാനത്തോടെ 900,000 ക്രെഡിറ്റ് കാര്‍ഡുകള്‍ കൈകാര്യം ചെയ്തിരുന്നു . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 37 ശതമാനം കൂടുതലാണിത്.
കാനറ ബാങ്ക് അതിന്‍റെ ഐടി സേവന ഉപസ്ഥാപനമായ കാന്‍ ബാങ്ക് കമ്പ്യൂട്ടേഴ്സ് സര്‍വീസസിനെ ക്രെഡിറ്റ് കാര്‍ഡ് യൂണിറ്റാക്കി മാറ്റുന്നതിനുള്ള ശ്രമത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. ഇതിനാണ് ആര്‍ബിഐയുടെ ഉത്തരവ് വന്നതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. കാന്‍ബാങ്ക് കമ്പ്യൂട്ടറില്‍ കാനറ ബാങ്കിന് 69.14 ശതമാനം ഓഹരിയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 18.52 ശതമാനവും ഡിബിഎസ് ബാങ്കിനും കരൂര്‍ വൈശ്യ ബാങ്കിനും 6.17 ശതമാനം വീതം ഓഹരിയാണുള്ളത്.
സുരക്ഷിതമല്ലാത്ത വായ്പകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. ഇത്തരം വായ്പകളുടെ ബാഹുല്യം ഉണ്ടാകരുതെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വായ്പകള്‍ സൃഷ്ടിക്കുന്ന അപകടസാധ്യതകളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് നീക്കമെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ബാങ്കുകളുടെ ധനസ്ഥിതിയെ ബാധിക്കില്ല എന്നത് ഉറപ്പാക്കുന്നതിനായി നവംബറില്‍, വ്യക്തിഗത വായ്പകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള വായ്പകള്‍ക്കും കൂടുതല്‍ മൂലധനം നീക്കിവയ്ക്കാന്‍ ബാങ്കുകളോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു.