ഡിസംബറില്‍ നിരവധി പേര്‍ കാത്തിരിക്കുന്ന ആ പ്രഖ്യാപനം ആര്‍ബിഐ നടത്തുമോ..?

ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ച് 6.25 ശതമാനമാക്കിയേക്കും

Rbi may be cut repo rate by December

വായ്പാ പലിശ കുറയ്ക്കണമെന്ന നിരവധി പേരുടെ ആഗ്രഹം സാക്ഷാല്‍ക്കരിക്കുമോ..അതിനുള്ള അരങ്ങൊരുങ്ങിക്കൊണ്ടിരിക്കുയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.  ഡിസംബറില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറച്ച് 6.25 ശതമാനമാക്കിയേക്കും. വരും ദിവസങ്ങളില്‍ പണപ്പെരുപ്പം മിതമായ നിലയിലേക്ക് വരുമെന്നാണ് സൂചനകള്‍. സെപ്റ്റംബറില്‍ പണപ്പെരുപ്പം 5.49 ശതമാനമായി ഉയര്‍ന്നെങ്കിലും ഈ പാദത്തില്‍ പണപ്പെരുപ്പം  4.9 ശതമാനമായി കുറയുമെന്നാണ് പ്രവചനം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ പണപ്പെരുപ്പം 4.6 ശതമാനമായി വീണ്ടും താഴും . ഇത് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐയെ സഹായിക്കും. പണപ്പെരുപ്പവും വളര്‍ച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നല്ല നിലയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അടുത്തിടെ പറഞ്ഞിരുന്നു. അടുത്ത പാദത്തില്‍ പണപ്പെരുപ്പം കുറയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏറ്റവും പുതിയ സര്‍വേ അനുസരിച്ച്, 57 സാമ്പത്തിക വിദഗ്ധരില്‍ 30 പേരും അടുത്ത ധനനയ യോഗത്തില്‍ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാക്കിയുള്ളവര്‍ നിരക്കില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല.

ഫെബ്രുവരിയില്‍ ആര്‍ബിഐ വീണ്ടും നിരക്കുകള്‍ കുറച്ചേക്കും
-----------------
ഡിസംബറില്‍ നിരക്ക് കുറച്ചതിന് ശേഷം ഫെബ്രുവരിയില്‍ ആര്‍ബിഐ വീണ്ടും നിരക്കുകള്‍ കുറച്ചേക്കുമെന്ന് സര്‍വേ പറയുന്നു. യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഇതിനകം തന്നെ  അര ശതമാനം പലിശ നിരക്കുകള്‍ കുറച്ചിട്ടുണ്ട്. ഇതിന്‍റെ ചുവട് പിടിച്ചാണ് ഇന്ത്യയിലും പലിശ നിരക്ക് കുറയ്ക്കുന്നതിന് അരങ്ങൊരുങ്ങുന്നത്. പലിശ നിരക്ക് കുറയുകയാണെങ്കില്‍, അത് ഭവന - വാഹന വായ്പ എടുക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കും

വളര്‍ച്ച താഴേക്കോ?
---
2023-24 സാമ്പത്തിക വര്‍ഷത്തിലെ 8.2 ശതമാനത്തില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം 6.9 ശതമാനമായും അടുത്ത വര്‍ഷം 6.7 ശതമാനമായും വളര്‍ച്ചാ പ്രവചനം കുറഞ്ഞിട്ടുണ്ട്. ഇത് ആര്‍ബിഐയുടെ 7.2 ശതമാനം, 7.1 ശതമാനം എന്നിങ്ങനെയുള്ള പ്രവചനങ്ങളേക്കാള്‍ വളരെ കുറവാണ് എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന ഘടകം

Latest Videos
Follow Us:
Download App:
  • android
  • ios