എൻഇഎഫ്‌ടി അല്ലെങ്കിൽ ആർടിജിഎസ് ഇടപാടുകൾ നടത്താറുണ്ടോ? ഇനി തട്ടിപ്പുകൾ നടക്കില്ല, പുതിയ നിർദേശവുമായി ആർബിഐ
അബദ്ധത്തിൽ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കാനുള്ള സാധ്യത കുറയുന്നു. കൂടാതെ തട്ടിപ്പുകളുടെയും സാധ്യത കുറയ്ക്കാനാകും എന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
ദില്ലി: ആർടിജിഎസ്, എൻഇഎഫ്‌ടി ഇടപാടുകൾ നടത്തുന്നതിന് മുൻപ് ഇനി ഗുണഭോക്താവിൻ്റെ ബാങ്ക് അക്കൗണ്ടിൻ്റെ പേര് പരിശോധിക്കാൻ പണമയക്കുന്നയാൾക്ക് കഴിയും. ഇത് സംബന്ധിച്ച് സൗകര്യം ഒരുക്കാൻ രാജ്യത്തെ എല്ലാ ബാങ്കുകൾക്കും റിസർവ് ബാങ്ക് നിർദേശം നൽകി. 2025 ഏപ്രിൽ 1-ന് ശേഷം ഈ സൗകര്യം എല്ലാ ബാങ്കുകളും നൽകുന്നുണ്ടെന്ന് ഉറപ്പുവരുlത്താൻ ആർബിഐ നിർദേശിച്ചു.
ഇങ്ങനെ ഒരു സൗകര്യം എത്തുന്നതോടെ പണം അയക്കുന്നവർക്ക് ഗുണഭോക്താവിൻ്റെ അക്കൗണ്ട് നമ്പറും ബ്രാഞ്ച് ഐഎഫ്എസ്‌സി കോഡും ലഭിക്കും. തുടർന്ന് ഗുണഭോക്താവിൻ്റെ പേര് അറിയാനും കഴിയും. ഇതോടെ അബദ്ധത്തിൽ മറ്റ് അക്കൗണ്ടുകളിലേക്ക് പണം അയക്കാനുള്ള സാധ്യത കുറയുന്നു. കൂടാതെ തട്ടിപ്പുകളുടെയും സാധ്യത കുറയ്ക്കാനാകും എന്നാണ് ആർബിഐയുടെ വിലയിരുത്തൽ.
ആർടിജിഎസ്, എൻഇഎഫ്‌ടി സംവിധാനങ്ങളിൽ പങ്കാളികളായ ബാങ്കുകൾ ഇൻ്റർനെറ്റ് ബാങ്കിംഗിലൂടെയും മൊബൈൽ ബാങ്കിംഗിലൂടെയും ഈ സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ആർബിഐ നിർദ്ദേശിച്ചു. ബാങ്കുകളിൽ നേരിട്ടെത്തി പണമടയ്ക്കുന്നവർക്കും ഈ സൗകര്യം ലഭ്യമാകും. അതിനുള്ള നിർദേശവും ആർബിഐ നൽകിയിട്ടുണ്ട്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെൻ്റ് (ആർടിജിഎസ്), നാഷണൽ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്‌ടി) എന്നിവ വലിയ തുകയുടെ പണമിടപാടുകൾ പെട്ടെന്ന് നടത്താൻ അനുവദിക്കുന്ന ഇടപാട് രീതിയാണ്. എൻഇഎഫ്‌ടി വഴി രണ്ട് ലക്ഷം രൂപ വരെ പെട്ടെന്ന് അയക്കാൻ സാധിക്കും.
നിലവിൽ യുപിഐ വഴി അല്ലെങ്കിൽ ഇമ്മീഡിയറ്റ് പേയ്‌മെൻ്റ് സർവീസ് വഴി ഇടപാടുകൾ നടത്തുമ്പോൾ പണം അയക്കുന്നതിന് മുൻപ് തന്നെ ഗുണഭോക്താവിൻ്റെ പേര് സ്ഥിരീകരിക്കാൻ പണമയക്കുന്ന ആളുകൾക്ക് സാധിക്കുന്നു. ഇതുമൂലം തെറ്റായ ഇടപാടുകൾക്കുള്ള സാധ്യത കുറയുന്നു.