റിസ്ക് എടുക്കാനില്ല, ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടെ സ്വർണശേഖരം കൂട്ടി ആർബിഐ, കണക്കുകൾ ഇങ്ങനെ...
റഷ്യ-യുക്രെയ്ന്‍ യുദ്ധം കണക്കിലെടുത്ത്, റിസര്‍വ് ബാങ്ക് 2022 മാര്‍ച്ച് മുതല്‍ വിദേശത്തുള്ള സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു
ആഗോള സാമ്പത്തിക , രാഷ്ട്രീയ സാഹചര്യങ്ങളില്‍ അനിശ്ചിതത്വം നിലനില്‍ക്കെ യു കെയിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണശേഖരത്തിന്‍റെ ഒരു ഭാഗം ഇന്ത്യയിൽ എത്തിച്ച് റിസര്‍വ് ബാങ്ക്. 102 മെട്രിക് ടണ്‍ സ്വര്‍ണമാണ് അതീവ രഹസ്യമായി ഇന്ത്യയിൽ എത്തിച്ചത്. ഇത് വിവിധ സംഭരണകേന്ദ്രങ്ങളിലേക്ക് മാറ്റി. 854.73 മെട്രിക് ടൺ സ്വർണമാണ് ആര്‍ബിഐയുടെ പക്കലുള്ളത് . മുംബൈയിലും നാഗ്പൂരിലുള്ള കേന്ദ്രങ്ങളിലാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം സൂക്ഷിക്കുന്നത്. നേരത്തെയും യുകെയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റിയിരുന്നു. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാര്‍ച്ച് വരെ 413.79 മെട്രിക് ടണ്‍ സ്വര്‍ണം വിദേശത്ത് സൂക്ഷിച്ചിട്ടുണ്ട്. ആകെ സ്വര്‍ണ ശേഖരത്തിന്‍റെ പകുതി വിദേശരാജ്യത്തും പകുതി ഇന്ത്യയിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. നിലവില്‍ ആകെ സ്വര്‍ണശേഖരത്തിന്‍റെ അറുപത് ശതമാനവും ഇന്ത്യയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വര്‍ണവിലയിലുണ്ടായ വലിയ വര്‍ധനയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്‍റെ മൊത്തം വിദേശനാണ്യ കരുതല്‍ ശേഖരത്തിലെ സ്വര്‍ണ്ണത്തിന്‍റെ വിഹിതം 2024 മാര്‍ച്ച് അവസാനത്തോടെ 8.15% ല്‍ നിന്ന് 2024 സെപ്റ്റംബര്‍ അവസാനത്തോടെ ഏകദേശം 9.32% ആയി ഉയര്‍ന്നു.
റഷ്യ-യുക്രെയ്ന്‍ യുദ്ധം കണക്കിലെടുത്ത്, റിസര്‍വ് ബാങ്ക് 2022 മാര്‍ച്ച് മുതല്‍ വിദേശത്തുള്ള സ്വര്‍ണ ശേഖരം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ തുടങ്ങിയിരുന്നു. റഷ്യന്‍ വിദേശ കറന്‍സി ആസ്തികള്‍ മരവിപ്പിക്കാന്‍ യുഎസ് സര്‍ക്കാര്‍ ഉത്തരവിട്ടതിന് ശേഷമാണ് ഇന്ത്യ ഈ നടപടി സ്വീകരിച്ചത്. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്. 199091 ലെ ഇന്ത്യയുടെ വിദേശനാണ്യ പ്രതിസന്ധിയുടെ സമയത്ത്, 405 മില്യണ്‍ ഡോളര്‍ വായ്പ ലഭിക്കുന്നതിനായി രാജ്യം തങ്ങളുടെ സ്വര്‍ണ്ണ ശേഖരത്തിന്‍റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പണയം വെച്ചിരുന്നു. 1991 നവംബറോടെ വായ്പ തിരിച്ചടച്ചെങ്കിലും സൗകര്യാര്‍ത്ഥം സ്വര്‍ണം യുകെയില്‍ സൂക്ഷിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.