രാമക്ഷേത്ര പ്രതിഷ്ഠ; അയോധ്യയിൽ എത്തുന്ന ചാർട്ടേഡ് വിമാനങ്ങളുടെ എണ്ണം ഇതാ
1,450 കോടിയിലധികം രൂപ ചെലവിലാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്.
ദില്ലി: രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന ജനുവരി 22 ന് പുതുതായി ഉദ്ഘാടനം ചെയ്ത അയോധ്യ വിമാനത്താവളത്തിൽ 100 ചാർട്ടേഡ് വിമാനങ്ങൾ ഇറങ്ങുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യ വിമാനത്താവളത്തിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനുള്ള സമയം കൂടിയായിരിക്കും ഇതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
നാലാമത് ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉത്തർപ്രദേശിന് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ നന്ദിയുള്ളവനാണെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. ഡിസംബർ 30 ന് അയോധ്യ വിമാനത്താവളം പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തിരുന്നു.
ആദ്യ ഘട്ടത്തിൽ, പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിന് കഴിയും, രണ്ടാം ഘട്ടത്തിന് ശേഷം, മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം പ്രതിവർഷം 60 ലക്ഷം യാത്രക്കാർക്ക് സേവനം നൽകും. 1,450 കോടിയിലധികം രൂപ ചെലവിലാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കേന്ദ്ര മന്ത്രി വി കെ സിംഗ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് അഹമ്മദാബാദിനും അയോധ്യയ്ക്കും ഇടയിലുള്ള ആദ്യത്തെ ത്രിവാര വിമാനങ്ങൾ ആരംഭിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഹമ്മദാബാദിനും അയോധ്യയ്ക്കും ഇടയിലുള്ള ആദ്യത്തെ ത്രിവാര വിമാനത്തിനുള്ള ബോർഡിംഗ് പാസ് സ്വീകരിച്ചു.
അടുത്ത വർഷത്തോടെ യുപിയിൽ അസംഗഡ്, അലിഗഡ്, മൊറാദാബാദ്, ശ്രാവസ്തി, ചിത്രകൂട് എന്നിവിടങ്ങളിൽ അഞ്ച് വിമാനത്താവളങ്ങൾ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. 2014ൽ ഉത്തർപ്രദേശിൽ ആറ് വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ, ഇപ്പോൾ സംസ്ഥാനത്തിന് അയോധ്യ വിമാനത്താവളം ഉൾപ്പെടെ 10 വിമാനത്താവളങ്ങളാണുള്ളത്. അടുത്ത വർഷത്തോടെ യുപിയിൽ 5 വിമാനത്താവളങ്ങൾ കൂടി ഉണ്ടാകും എന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.