തെന്നിന്ത്യയെ നോട്ടമിട്ട് പിവിആര്‍ ഐനൊക്സ്; വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങൾ

പിവിആര്‍ ഐനൊക്സ്. രാജ്യത്തെമ്പാടുമായി എഴുപതോളം സ്ക്രീനുകളാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അടച്ചുപൂട്ടുക

PVR INOX to close 70 non-performing screens in FY25, plans monetisation of real estate assets

ലാഭത്തിലല്ലാത്ത സിനിമാ സ്ക്രീനുകള്‍ പൂട്ടാനൊരുങ്ങി പ്രമുഖ മള്‍ട്ടിപ്ലക്സ് ഓപ്പറേറ്ററായ പിവിആര്‍ ഐനൊക്സ്. രാജ്യത്തെമ്പാടുമായി എഴുപതോളം സ്ക്രീനുകളാണ് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ അടച്ചുപൂട്ടുക. മുംബൈ, പൂനെ, ഡല്‍ഹി, വഡോദര എന്നിവിടങ്ങളിലെ സിനിമാ തിയേറ്ററുകള്‍ ഇതില്‍ ഉള്‍പ്പെടും. അതേ സമയം പുതിയതായി ഈ സാമ്പത്തിക വര്‍ഷം 120 സ്ക്രീനുകള്‍  ആരംഭിക്കുമെന്നും പിവിആര്‍ ഐനൊക്സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയതായി ആരംഭിക്കാന്‍ പോകുന്ന സ്ക്രീനുകളില്‍ 40 ശതമാനവും ദക്ഷിണേന്ത്യയിലാണ്. വലിയ സാധ്യതകള്‍ ഉള്ളതും, അതേ സമയം തന്നെ സ്ക്രീനുകളുടെ എണ്ണത്തിലെ കുറവുമാണ് പിവിആര്‍ ഐനൊക്സിനെ ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം.

അതേ സമയം പുതിയതായി തുടങ്ങാന്‍ പദ്ധതിയിടുന്ന സ്ക്രീനുകള്‍ക്കായി കൂടുതല്‍ മൂലധന നിക്ഷേപം നടത്തുന്നതിന് പിവിആര്‍ തയ്യാറായേക്കില്ലെന്നാണ് സൂചന. പുതിയ സ്ക്രീനുകള്‍ പ്രഖ്യാപിച്ചെങ്കിലും മൂലധനനിക്ഷേപം 25 ശതമാനം മുതല്‍ 30 ശതമാനം വരെ കുറയ്ക്കാനാണ് പിവിആര്‍ ഐനൊക്സിന്‍റെ പദ്ധതി. ഫ്രാഞ്ചൈസികള്‍ വഴിയായിരിക്കും പുതിയ സ്ക്രീനുകള്‍ പിവിആര്‍ പ്രവര്‍ത്തിപ്പിക്കുക. കടരഹിത കമ്പനിയായി മാറുക എന്ന ലക്ഷ്യമാണ് വളരെ സൂക്ഷിച്ച് മാത്രം പുതിയ നിക്ഷേപം നടത്താന്‍ കാരണം.  

2023- 24 സാമ്പത്തിക വർഷത്തിൽ പിവിആര്‍ ഐനൊക്സിന്‍റെ അറ്റ കട ബാധ്യത  1,294 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റ കടം 136.4 കോടി രൂപയായി കുറച്ചുകൊണ്ടുവരുന്നതിന് സാധിച്ചു. 2024 സാമ്പത്തിക വർഷത്തിൽ പിവിആറിൻറെ വരുമാനം 6,203.7 കോടി രൂപയാണ്.  പിവിആർ ഐനോക്‌സിന്റെ ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) ബിസിനസ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ സിനിമാ ടിക്കറ്റ് വിൽപ്പനയേക്കാൾ  വളർച്ച രേഖപ്പെടുത്തി. ഭക്ഷണ സാധനങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം   21 ശതമാനമാണ് വർധിച്ചത്, ഇതേ കാലയളവിൽ  സിനിമാ ടിക്കറ്റുകളുടെ   വിൽപ്പന  19 ശതമാനം മാത്രമാണ്. ഈ കാലയളവിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 233 രൂപയായിരുന്നു, അതേസമയം പെപ്സി, സമൂസ, പോപ്‌കോൺ, മറ്റ് ഭക്ഷണ സാധനങ്ങൾ എന്നിവ വാങ്ങുന്നതിനായി സിനിമാ പ്രേക്ഷകർ ഒരാൾ  ശരാശരി 129 രൂപയാണ് ചെലവഴിച്ചത്. ഭക്ഷണ സാധനങ്ങൾ വിറ്റ വകയിൽ  വരുമാനം 1,618 കോടി രൂപയിൽ നിന്ന് 2024 ൽ 1,958.4 കോടി രൂപയായി ഉയർന്നപ്പോൾ സിനിമാ ടിക്കറ്റ് വരുമാനം 2023 ലെ 2,751.4 കോടി രൂപയിൽ നിന്ന് 3,279.9 കോടി രൂപയായി.    

Latest Videos
Follow Us:
Download App:
  • android
  • ios