ലാഭം 4 മടങ്ങ് ഉണ്ടെങ്കിലും ജീവനക്കാർക്ക് ശമ്പളം കൂട്ടുന്നില്ല, സ്വകാര്യമേഖല കമ്പനികൾക്കെതിരെ റിപ്പോർട്ട്

കമ്പനികള്‍ കൂടുതല്‍ ലാഭം നേടുന്നുണ്ടെങ്കിലും അവരുടെ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കുന്നു

Private sector profit grew 4x in last 4 years, but salaries stagnant

സ്വകാര്യ മേഖലയിലെ കമ്പനികള്‍ വന്‍ ലാഭം നേടുന്നുണ്ടെങ്കിലും അവരുടെ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ പിശുക്ക് കാണിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ 4 വര്‍ഷത്തിനിടയില്‍ സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് ശരാശരി 4 മടങ്ങ് ലാഭം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ജീവനക്കാരുടെ ശമ്പളം അതിനനുസരിച്ച് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ഫിക്കിയും ക്വസ് കോര്‍പ്പും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019-നും 2023-നും ഇടയില്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ്, അടിസ്ഥാന സൗകര്യം എന്നിവയുള്‍പ്പെടെ ആറ് മേഖലകളിലെ വാര്‍ഷിക വേതന വളര്‍ച്ച 0.8 ശതമാനമാണെന്നും എഫ്എംസിജി കമ്പനികളില്‍ ഇത് 5.4 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു.  അടിസ്ഥാന ശമ്പളം നാമമാത്രമായി വര്‍ധിപ്പിക്കുകയോ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി ശമ്പളം വര്‍ധിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് ജീവനക്കാരുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അഞ്ച് വര്‍ഷങ്ങളില്‍, 2019 മുതല്‍ 2023 വരെ, ചില്ലറ വില പണപ്പെരുപ്പ നിരക്ക് 4.8%, 6.2%, 5.5%, 6.7%, 5.4% വര്‍ദ്ധിച്ചു, അതേസമയം ജീവനക്കാരുടെ ശമ്പളം അതിനനുസരിച്ച് വര്‍ദ്ധിച്ചില്ല.

ആശങ്ക പ്രകടിപ്പിച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്  വി അനന്ത് നാഗേശ്വരനും പലതവണ ഈ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനികള്‍ കൂടുതല്‍ ലാഭം നേടുന്നുണ്ടെങ്കിലും അവരുടെ ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളം ആണ് നല്‍കുന്നുണ്ടെന്ന് അദ്ദേഹം അടുത്തിടെ പറഞ്ഞിരുന്നു. ഈ സാഹചര്യം സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. കമ്പനികളുടെ വരുമാനത്തിന്‍റെ നല്ലൊരു പങ്ക് ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംഭവിച്ചില്ലെങ്കില്‍, കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സമ്പദ്വ്യവസ്ഥയില്‍ ആവശ്യത്തിന് ഡിമാന്‍ഡ് ഉണ്ടാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വരുമാനം കുറഞ്ഞതിനാല്‍ നഗരപ്രദേശങ്ങളില്‍ ഉപഭോഗം കുറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശമ്പള വര്‍ദ്ധനവിന്‍റെ മന്ദഗതിയിലുള്ള വളര്‍ച്ച സാമ്പത്തിക പരിഷ്കരണങ്ങളെ ബാധിച്ചു. 2019 മുതല്‍ 2023 വരെയുള്ള ശമ്പളത്തിന്‍റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് (സിഎജിആര്‍) ഇഎംപിഐ (എന്‍ജിനീയറിങ്, മാനുഫാക്ചറിംഗ്, പ്രോസസ് ആന്‍ഡ് ഇന്‍ഫ്രാ) മേഖലയിലെ ഏറ്റവും താഴ്ന്ന നിരക്കായ 0.8% ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വര്‍ധന നാമമാത്രം?

ഈ കാലയളവില്‍, എഫ്എംസിജി മേഖലയില്‍ ആണ് ഏറ്റവും ഉയര്‍ന്ന വേതന വര്‍ധന ഉണ്ടായത്. 5.4 ശതമാനം. ബാങ്കിംഗ്-ഫിനാന്‍സ് സേവന മേഖലയില്‍ 2.8% മാത്രമാണ് ശമ്പളം വര്‍ധിച്ചത്. ചില്ലറ വ്യാപാര മേഖലയില്‍ 3.7 ശതമാനവും ഐടിയില്‍ 4 ശതമാനവും ലോജിസ്റ്റിക്സില്‍ 4.2 ശതമാനവും ശമ്പള വര്‍ധനയുണ്ടായി. 2023 ലെ ശരാശരി ശമ്പളം എഫ്എംസിജി മേഖലയില്‍ ഏറ്റവും കുറഞ്ഞത് 19,023 രൂപയും ഐടിയില്‍ ഏറ്റവും ഉയര്‍ന്നത് 49,076 രൂപയുമാണ്.
 

Latest Videos
Follow Us:
Download App:
  • android
  • ios