പിപിഎഫ് നിക്ഷേപകർ നിരാശയിൽ, പലിശ വെറും 7.1 ശതമാനം, മുൻപ് കിട്ടിയിരുന്നത് 12 ശതമാനം വരെ
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശയിലെ കുറവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കുറഞ്ഞ പലിശ നിരക്ക് നിക്ഷേപകരെ ഈ നിക്ഷേപ പദ്ധതിയില്‍ നിന്ന് അകറ്റുമെന്നാണ് ആശങ്ക
മുൻപ് 12% പലിശ നല്‍കിയിരുന്ന ഒരു നിക്ഷേപ പദ്ധതി, ഇപ്പോള്‍ ലഭിക്കുന്നത് വെറും 7.1 ശതമാനം പലിശ. ഏത് നിക്ഷേപകരെ സംബന്ധിച്ചിടത്തോളവും വലിയ നിരാശ സൃഷ്ടിക്കുന്നതാണ് പലിശയിലെ ഈ ഇടിവ്. മറ്റൊന്നുമല്ല പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശയിലെ കുറവിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. കുറഞ്ഞ പലിശ നിരക്ക് നിക്ഷേപകരെ ഈ നിക്ഷേപ പദ്ധതിയില്‍ നിന്ന് അകറ്റുമെന്നാണ് ആശങ്ക. ചെറുകിട സേവിങ്സ് പദ്ധതിയായ പബ്ലിക് പ്രൊവിഡന്‍സ് ഫണ്ട് നിക്ഷേപകര്‍ക്ക് 500 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാം. തവണകളായും നിക്ഷേപം നടത്താം. ചെറിയ തുക പോലും നിക്ഷേപിക്കാം എന്നുള്ളതുകൊണ്ടുതന്നെ ഇടത്തരം വരുമാനക്കാരെ ഏറെയധികം ആകര്‍ഷിക്കുന്ന നിക്ഷേപ പദ്ധതിയായിരുന്നു പിപിഎഫ്.
1968 ലാണ് പി എഫ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഓരോ വര്‍ഷവും ക്രമേണ പലിശ നിരക്ക് കൂട്ടിക്കൂട്ടി വന്ന് 1986 മുതല്‍ 2000 വരെ 12% പലിശയാണ് പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്നത്. 2000 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ പലിശ നിരക്ക് 11 ശതമാനം ആയി കുറച്ചു. പിന്നീട് 2001 മുതല്‍ 2002 വരെ 9.5 ശതമാനമായും പിറ്റേ വര്‍ഷം മുതല്‍ അതായത് 2002 മുതല്‍ 2003 വരെ 9% ആയും പലിശ നിരക്ക് കുറച്ചു. പിന്നീടുള്ള ഓരോ വര്‍ഷവും ക്രമേണ പലിശ നിരക്ക് കുറച്ചുവന്ന് 2020 മുതല്‍ ഇപ്പോള്‍ 7.1 ശതമാനം പലിശ മാത്രമാണ് ലഭിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് മാത്രമല്ല, നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്നുവെന്നതും പിപിഎഫിലേക്ക് ആളുകളെ ആകര്‍ഷിച്ചിരുന്നു.
അതേ സമയം നിക്ഷേപകര്‍ക്ക് ഇപ്പോഴും ആശ്വാസമായി പിപിഎഫിനെ കാണുന്നത് വായ്പകളുടെ കാര്യത്തിലാണ്. അതായത് പിപിഎഫിലെ നിക്ഷേപം ഈടായിക്കാണിച്ച് നിക്ഷേപകര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ വായ്പ എടുക്കാനാകും. പിപിഎഫ് വായ്പയുടെ പലിശ പിപിഎഫ് അക്കൗണ്ടിന്‍റെ പലിശയേക്കാള്‍ ഒരു ശതമാനം കൂടുതലാണ്. പിപിഎഫ് അക്കൗണ്ടില്‍ 7.1 ശതമാനം പലിശ റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍, പിപിഎഫ് ലോണിന് 8.1 ശതമാനം പലിശ നല്‍കണം. പിപിഎഫ് വായ്പയുമായി താരതമ്യപ്പെടുത്തുമ്പോള്‍, വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 10.50 ശതമാനം മുതല്‍ 17 അല്ലെങ്കില്‍ 18 ശതമാനം വരെയാകാം. വായ്പയുടെ തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷമാണ്. എന്നാല്‍ 36 മാസത്തിനുള്ളില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍, പിഴയായി, പിപിഎഫ് തുകയുടെ പലിശയേക്കാള്‍ 6 ശതമാനം അധിക നിരക്കില്‍ വായ്പ തിരിച്ചടയ്ക്കേണ്ടി വരും.