70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആരോഗ്യ പരിരക്ഷ; ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരണ പ്രഖ്യാപനം നാളെ
ദരിദ്രരോ, ഇടത്തരക്കാരോ, പണക്കാരോ ആകട്ടെ, 70 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്,
ദില്ലി: ദേശീയ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും. 70 വയസിനു മുകളിലുള്ള എല്ലാവർക്കും പൗരന്മാർക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നൽകുകയാണ് ഉതിനു പിന്നിലുള്ള ലക്ഷ്യം. ആറ് കോടിയിലധികം മുതിർന്ന പൗരന്മാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
സാധാരണ പ്രതിരോധ കുത്തിവയ്പ്പുകളുടെ ഇലക്ട്രോണിക് വിവരങ്ങൾ സൂക്ഷിക്കുന്നതിനായി വികസിപ്പിച്ച യു-വിൻ പോർട്ടലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നിലവിൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. ഗർഭിണികളായ സ്ത്രീകൾക്കും ഗർഭസ്ഥ ശിശുക്കൾക്കും 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കും നൽകുന്ന വാക്‌സിനേഷൻ്റെ സ്ഥിരമായ ഡിജിറ്റൽ റെക്കോർഡ് സൂക്ഷിക്കുന്നതിനാണ്യു-വിൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.
വിപുലീകരിച്ച ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രകാരം, ദരിദ്രരോ, ഇടത്തരക്കാരോ, പണക്കാരോ ആകട്ടെ, 70 വയസും അതിൽ കൂടുതലുമുള്ള ഓരോ വ്യക്തിക്കും ആയുഷ്മാൻ കാർഡ് ലഭിക്കാൻ അർഹതയുണ്ട്, വിപുലീകരിച്ച പദ്ധതി പ്രകാരം, ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട ഏതെങ്കിലും ആശുപത്രികളിൽ ചികിത്സ തേടുമ്പോൾ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. .