പിഎഫ് പെൻഷൻ നിർണയം അവസാന 12 മാസത്തെ ശമ്പളം അനുസരിച്ചായിരിക്കണം: കോടതി
വിരമിച്ച 300 ഓളം മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി.
തിരുവനന്തപുരം: വ്യക്തികളുടെ സേവന കാലത്തെ അവസാന വർഷം കൈപ്പറ്റിയ ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെൻഷൻ പുനർനിശ്ചയിക്കാൻ ഹൈക്കോടതി നിർദ്ദേശം. സേവനകാലത്തന്റെ അവസാന 12 മാസങ്ങളായിരിക്കണം പിഎഫ് പെൻഷൻ നിർണയിക്കാനുളള കാലയളവായി പരിഗണിക്കേണ്ടതെന്ന് 2018 ൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു.
ഈ ഉത്തരവിനെതിരായി ഇപിഎഫ് സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകിയിട്ടുണ്ട്. വാദത്തിനിടെ ഇക്കാര്യം ഇപിഎഫ് അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. എന്നാൽ, നിലവിലുളള ഉത്തരവനുസരിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
വിരമിച്ച 300 ഓളം മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക വിധി. വിധിയുമായി ബന്ധപ്പെട്ട് നാല് മാസത്തിനുള്ളിൽ തുടർ നടപടികൾ എടുക്കാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.