രാജ്യത്ത് കുറഞ്ഞ ഇന്ധന വില നിലവിൽ വന്നു, പ്രധാന നഗരങ്ങളിലെ വിലയറിയാം
കേരളത്തിൽ പെട്രോള്‍ ലീറ്ററിന് പെട്രോള്‍ ലീറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം നികുതി കുറക്കാൻ തയ്യാറായിട്ടില്ല.
തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില നിലവിൽ വന്നു. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോൾ വിലയിലുള്ള എക്സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസൽ ലീറ്ററിന് ആറു രൂപയുമാണ് കുറച്ചത്. ഇതോട വിപണിയിൽ പെട്രോൾ വില ലീറ്ററിന് 9.50 രൂപയും ഡീസൽ വില ഏഴു രൂപയും കുറഞ്ഞു. ആനുപാതികമായി സംസ്ഥാനത്തെ വാറ്റ് നികുതിയും കുറഞ്ഞു. കേരളത്തിൽ പെട്രോള്‍ ലീറ്ററിന് പെട്രോള്‍ ലീറ്ററിന് 10.52 രൂപയും ഡീസൽ വില 7.40 രൂപയുമാണ് കുറഞ്ഞത്. ആനുപാതിക കുറവല്ലാതെ കേരളം നികുതി കുറക്കാൻ തയ്യാറായിട്ടില്ല.
ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു
പെട്രോൾ, ഡീസൽ വില വർദ്ധന രാഷ്ട്രീയമായി തിരിച്ചടിയാകുന്നതായി ബിജെപി ഭാരവാഹികളുടെ യോഗം നേരത്തെ വിലയിരുത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾ പലതും വില കുറയ്ക്കണമെന്ന ആവശ്യം നിർദ്ദേശിക്കുകയുമുണ്ടായി. ഇതോടൊപ്പം ദില്ലിയുൾപ്പടെ പലയിടത്തും നടക്കാനിരിക്കുന്ന തദ്ദേശഭരണതെരഞ്ഞെടുപ്പുകളും ഗുജറാത്ത് ഉൾപ്പടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളും വരാനിരിക്കുന്നത് മുന്നിൽ കണ്ടാണ് തീരുവ കുറക്കാനുള്ള തീരുമാനം. കെട്ടിടനിർമ്മാണമേഖലയിലുൾപ്പടെയുള്ള വിവിധ വ്യവസായസംഘടനകളും ഇന്ധനവില പ്രതിസന്ധിയുണ്ടാക്കുന്നതായി സർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് തീരുവ കുറക്കാനുള്ള തീരുമാനമെന്നാണ് വിലയിരുത്തൽ.
എന്നാൽ അതേ സമയം, ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കോൺഗ്രസും ശിവസേനയും ആരോപിച്ചു. ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിൻ്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.