പെന്‍ഷന്‍കാര്‍ക്ക് പോലും രക്ഷയില്ല, ചില്ലറ വരുമാനത്തില്‍ ജീവിക്കുന്നവരെയും പറ്റിക്കാനിറങ്ങി തട്ടിപ്പുകാര്‍

പെന്‍ഷന്‍കാരെ തട്ടിക്കുന്നവരെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

Pensioners alert! New scam involves messages asking to fill forms, know the details and protect yourself

സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒഴിഞ്ഞ ദിവസങ്ങളില്ല.. പല തരത്തിലാണ് തട്ടിപ്പുകാര്‍ വല വീശുന്നത്. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്തും, എടിഎമ്മുകളില്‍ കൃത്രിമത്വം നടത്തിയും, ഉന്നത ഉദ്യോഗസ്ഥരുടെ പേരിലും .. അങ്ങനെ പല വിധത്തിലാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. ജീവിത സായാഹ്നത്തില്‍ പെന്‍ഷന്‍ വരുമാനത്തില്‍ ജീവിക്കുന്നവര്‍ക്ക് പോലും ഈ തട്ടിപ്പുകാര്‍ കാരണം രക്ഷയില്ലാതായിരിക്കുന്നു. ഏറ്റവുമൊടുവിലായി ഡല്‍ഹിയിലെ സെന്‍ട്രല്‍ പെന്‍ഷന്‍ അക്കൗണ്ടിംഗ് ഓഫീസില്‍ (സിപിഎഒ) നിന്നുള്ളവരാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍  പെന്‍ഷന്‍കാര്‍ ലക്ഷ്യമിടുന്നത്. പെന്‍ഷന്‍കാര്‍ക്ക് വ്യാജ ഫോമുകള്‍ വാട്ട്സ്ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പുകാര്‍ പണം തട്ടിക്കുന്നതിനുള്ള വഴിയൊരുക്കുന്നത്. അയച്ചു നല്‍കിയ ഫോമുകള്‍ പൂരിപ്പിച്ചില്ലെങ്കില്‍ അവരുടെ പെന്‍ഷന്‍ പേയ്മെന്‍റുകള്‍ നിര്‍ത്തലാക്കുമെന്ന് തട്ടിപ്പുകാര്‍ ഭീഷണിമുഴക്കും. തട്ടിപ്പുകാര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നേടിയെടുക്കുന്ന തരത്തിലാണ് വ്യാജ ഫോമുകള്‍ തയാറാക്കിയിരിക്കുന്നത്. ഭീഷണിയില്‍ പരിഭ്രാന്തരാകുന്നവര്‍ ഫോം പൂരിപ്പിച്ച് നല്‍കുന്നതോടെ തട്ടിപ്പുകാര്‍ക്ക് പണം തട്ടിയെടുക്കാനുള്ള വഴിയൊരുങ്ങും. പെന്‍ഷന്‍കാരെ തട്ടിക്കുന്നവരെ കുറിച്ച് ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

തട്ടിപ്പുകാരില്‍ നിന്ന് പെന്‍ഷന്‍കാര്‍ക്ക് എങ്ങനെ സ്വയം സംരക്ഷിക്കാനാകും?

 ഫോണ്‍ കോളുകള്‍, വാട്ട്സ്ആപ്പ് തുടങ്ങിയ ഔദ്യോഗികമല്ലാത്ത വഴികളിലൂടെ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒരിക്കലും പെന്‍ഷന്‍ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടില്ല. പെന്‍ഷന്‍ പേയ്മെന്‍റ് ഓര്‍ഡര്‍ നമ്പര്‍, ജനനത്തീയതി, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തന്ത്രപ്രധാനമായ വിവരങ്ങള്‍ വാട്ട്സ്ആപ്പ് പോലെയോ ഉള്ള ഏതെങ്കിലും സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോം വഴി ഒരിക്കലും നല്‍കരുത്. അതിനാല്‍, പെന്‍ഷന്‍കാര്‍  സെന്‍ട്രല്‍ പെന്‍ഷന്‍ അക്കൗണ്ടിംഗ് ഓഫീസുമായോ  ബാങ്കുമായോ ഔദ്യോഗികമായി ബന്ധപ്പെടാനുള്ള വഴികളിലൂടെ മാത്രമേ ആശയ വിനിമയം നടത്താവൂ. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ബന്ധപ്പെട്ട അധികാരികളെ ഉടന്‍ അറിയിക്കേണ്ടതും പ്രധാനമാണ്. മറ്റുള്ളവരും കെണിയില്‍ വീഴുന്നത് തടയാന്‍ ഇത് സഹായിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios