10 വർഷത്തേക്ക് മുടങ്ങാതെ പെൻഷൻ; എൽഐസിയുടെ ഈ പെൻഷൻ പദ്ധതിയിൽ മാർച്ച് 31 വരെ അംഗമാകാം
പണം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നതിനെക്കുറിച്ച് പലർക്കും ധാരണയുമുണ്ടാകില്ല. എന്നാൽ, സർക്കാർ ജീവനക്കാരല്ലാത്തവർക്കും ഉയർന്ന പെൻഷൻ നേടാനുള്ള പദ്ധതികൾ ഇന്നുണ്ട്. ഇത്തരമൊരു പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന.
വിരമിക്കൽ കാലത്ത് കയ്യിൽ പണമുണ്ടാകണമെങ്കിൽ മാസാമാസം നിശ്ചിത തുക പെൻഷൻ തുകയായി കയ്യിൽ കിട്ടണം. സർക്കാർ ജീവനക്കാർ ആയിരുന്നവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ആശ്വാസത്തിന് വകയുളളത്. സ്വകാര്യ മേഖലകളിലും, മറ്റും ജോലി ചെയ്തിരുന്നവരിൽ റിട്ടയർമെന്റ് കാലത്തേക്ക് പണം നീക്കിവെച്ചിരുന്നവർ കുറവായിരിക്കും. പണം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നതിനെക്കുറിച്ച് പലർക്കും ധാരണയുമുണ്ടാകില്ല. എന്നാൽ, സർക്കാർ ജീവനക്കാരല്ലാത്തവർക്കും ഉയർന്ന പെൻഷൻ നേടാനുള്ള പദ്ധതികൾ ഇന്നുണ്ട്. ഇത്തരമൊരു പദ്ധതിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന.
പ്രധാൻമന്ത്രി വയ വന്ദന യോജന
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക സുരക്ഷ ഉറപ്പു നൽകുന്ന പദ്ധതിയാണ് പ്രധാൻമന്ത്രി വയ വന്ദന യോജന. കേന്ദ്ര സർക്കാർ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ വഴിയാണ് പ്രധാനമന്ത്രി വയ വന്ദന യോജന നടപ്പിലാക്കുന്നത്.രാജ്യത്ത് റിട്ടയർമെന്റിനു ശേഷമുള്ള പൗരന്മാരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ചേർന്നയുടൻ പെൻഷൻ ലഭിക്കും എന്നതാണ് പദ്ധതിയുടെ ഗുണം. പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ചേരാനുള്ള ഉയർന്ന പ്രായ പരിധിക്ക് നിബന്ധനകളില്ല. ഓർക്കുക 2023 മാർച്ച് 31 ആണ് ഈ പെൻഷൻ സ്‌ക്മീലേക്ക് അപേക്ഷിയ്ക്കാനുള്ള അവസാന തീയതി
എത്ര നിക്ഷേപിക്കണം, കയ്യിലെത്ര കിട്ടും
പെൻഷൻ തുകയായി കയ്യിൽ എത്ര വേണമെന്ന് കണക്കുകൂട്ടി, ഇത് അനുസരിച്ചുള്ള തുക നിക്ഷേപിച്ചാൽ മതി. നിക്ഷേപം നടത്തി പത്ത് വർഷങ്ങൾക്ക് ശേഷം, ഉപയോക്താവിന് ആയിരം രൂപ മുതൽ 9,250 രൂപ വരെ പ്രതിമാസ പെൻഷനായി ലഭിക്കും. നിലവിൽ പിഎംവിവിവൈ പദ്ധതിയിൽ 15 ലക്ഷം രൂപ വരെ നിക്ഷേപം നടത്താൻ സാധിക്കും. മാസത്തിലോ, ത്രൈമാസത്തിലോ അർധ വർഷത്തിലോ വർഷത്തിലോ നിക്ഷേപകന്റെ ഇഷ്ടാനുസരണം പെൻഷൻ കൈപ്പറ്റാം. 10 വർഷമാണ് പദ്ധതിയുടെ കാലാവധി. വരിക്കാർക്ക് പ്രതിമാസ അടിസ്ഥാനത്തിലാണ് പെൻഷൻ ലഭിക്കുന്നത്. 1.5 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പ്രതിമാസം 1000 രൂപ പെൻഷൻ ലഭിക്കും. 7.5 ലക്ഷം രൂപ നിക്ഷേപം ഉള്ളവർക്ക് പ്രതിമാസം 5,000 രൂപയും പെൻഷൻ ലഭിക്കും. 7.40 ശതമാനം വാർഷിക നിരക്കിലാണ് പെൻഷൻ ലഭിക്കുന്നത്. ഈ നിരക്ക് എല്ലാ വർഷവും മാറിക്കൊണ്ടിരിക്കും.
പദ്ധതികൊണ്ടുള്ള ആനുകൂല്യങ്ങൾ
പെൻഷൻ തുക, മെച്യൂരിറ്റി ബെനഫിറ്റ്, മരണാനുകൂല്യം തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രധാനമന്ത്രി വയ വന്ദന യോജനയിലുള്ളത്. നിക്ഷേപിക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള പെൻഷൻ പത്ത് വർഷത്തേക്ക് ലഭിക്കും. പത്ത് വർഷത്തിന് ശേഷം നിക്ഷേപിച്ച തുക മെച്യൂരിറ്റി ബെനഫിറ്റായി പിൻവലിക്കാം. പദ്ധതിയുടെ കാലയളവിനുള്ളിൽ നിക്ഷേപകൻ മരണപ്പെട്ടാൽ നിക്ഷേപിച്ച തുക പൂർണമായും നോമിനിക്ക് തിരികെ നൽകും. നിക്ഷേപം മൂന്ന് വർഷം പൂർത്തിയാക്കിയാൽ തുകയുടെ 75 ശതമാനം വായ്പയെടുക്കാൻ സാധിക്കും. പിഎംവിവിവൈ പ്രോഗ്രാമിൽ മുതിർന്ന പൗരന്മാർക്ക് ഒറ്റത്തവണ നിക്ഷേപം നടത്താനും സാധിയ്ക്കും. എൽഐസി വെബ്‌സൈറ്റ് വഴിയോ, ഏജന്റ് മുഖേനയോ പദ്ധതിയിൽ അംഗമാകാം.