കടത്തിൽ മുങ്ങി പാകിസ്ഥാൻ; മുന്നറിയിപ്പുമായി ലോകബാങ്ക്
വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യം
ദില്ലി: കടക്കെണി ഒഴിവാക്കാൻ പാക്കിസ്ഥാന് അടിയന്തര വിദേശ വായ്പ ആവശ്യമാണെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വർഷം വിവിധ സാമ്പത്തിക ആഘാതങ്ങൾ ഏകദേശം നാല് ദശലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടതായി ലോകബാങ്ക് റിപ്പോർട്ട്. "പൊതു കട പ്രതിസന്ധി" ഒഴിവാക്കാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
അടുത്ത സാമ്പത്തിക വർഷത്തിൽ പാകിസ്താന്റെ വളർച്ച രണ്ട് ശതമാനം മാത്രമായിരിക്കും. ഈ സാമ്പത്തിക വർഷത്തിലെ ശരാശരി പണപ്പെരുപ്പ നിരക്ക് 29.5 ശതമാനമാണ്, പാക്കിസ്ഥാന്റെ സാമ്പത്തിക ഭാവി അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. അടുത്ത വർഷം പണപ്പെരുപ്പം 18.5 ശതമാനമായാണ് പ്രതീക്ഷിക്കപ്പെടുന്നത്
ALSO READ: പാകിസ്ഥാനിൽ വില 250, ഇന്ത്യയിൽ 1 രൂപ!; കണ്ണീരു കുടിപ്പിച്ച് ഉള്ളി
അതേസമയം, വരുന്ന സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യം 37.2 ശതമാനമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 3.9 ദശലക്ഷം അധികം ആളുകൾ ദാരിദ്ര്യത്തിലേക്ക് എത്തിയതായി ലോകബാങ്ക് അഭിപ്രായപ്പെടുന്നു.
അന്താരാഷ്ട്ര കടക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അസ്വാസ്ഥ്യത്തെ ലോകബാങ്കിന്റെ പ്രസ്താവന പ്രതിഫലിപ്പിക്കുന്നു. 48.5 ബില്യൺ ഡോളറാണ് പാകിസ്ഥാൻ ചൈനയിൽ നിന്ന് മാത്രമായി കടം വാങ്ങിയിരിക്കുന്നത്. ലോകബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാന്റെ ബാഹ്യ ധനസഹായ ആവശ്യങ്ങൾ പ്രതിവർഷം ശരാശരി 28.9 ബില്യൺ ഡോളർ അല്ലെങ്കിൽ 2023-25 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 8 ശതമാനം ആയിരിക്കും.
ഐഎംഎഫ് തിരിച്ചടവ്, കാലാവധി പൂർത്തിയാകുന്ന യൂറോബോണ്ടുകൾ, ചൈനീസ് വാണിജ്യ വായ്പകൾക്കെതിരായ തിരിച്ചടവ് എന്നിവ പാക്കിസ്ഥാൻ അഭിമുഖീകരിക്കേണ്ടി വരും.
ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനത്തെ ലോകബാങ്ക് വിമർശിച്ചു, "അപൂർവമായ വിദേശനാണ്യ ശേഖരം നിലനിർത്താൻ സർക്കാർ താൽക്കാലിക ഭരണപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, എന്നാൽ ഈ നടപടികൾ ഉപഭോക്താവിന്റെയും നിക്ഷേപകരുടെയും ആത്മവിശ്വാസം ദുർബലപ്പെടുത്തി," വേൾഡ് ബാങ്ക് റിപ്പോർട്ട് പറയുന്നു.