സർക്കാർ ഉറപ്പ് പാഴ്വാക്കായി; നെല്ല് സംഭരണ തുക ഇനിയും കൊടുത്തുതീർത്തില്ല, കര്‍ഷകര്‍ക്ക് ഇക്കുറി കണ്ണീരോണം
ചെറുകിട കർഷകർക്ക് പോലും സംഭരണ തുക ഇനിയും കിട്ടിയിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധി കൂടിയായതോടെ ഇക്കുറി കണ്ണീരോണം എന്നാണ് കർഷകർ പറയുന്നത്.
പാലക്കാട്: നെല്ല് സംഭരണ തുക ഓണത്തിന് മുമ്പ് കൊടുത്ത തീർക്കുമെന്ന സർക്കാർ ഉറപ്പ് പാഴ്വാക്കായി. ചെറുകിട കർഷകർക്ക് പോലും സംഭരണ തുക ഇനിയും കിട്ടിയിട്ടില്ല. തുടർച്ചയായ ദിവസങ്ങളിൽ ബാങ്ക് അവധി കൂടിയായതോടെ ഇക്കുറി കണ്ണീരോണം എന്നാണ് കർഷകർ പറയുന്നത്.
മാസങ്ങൾക്ക് മുമ്പേ സംഭരിച്ച നെല്ലിൻ്റെ പണം കിട്ടിയിട്ട് വേണം കർഷകർക്ക് അവരുടെ പല ആവശ്യങ്ങളും നിറവേറ്റാൻ. പണമില്ലാത്തത് കൊണ്ട് മകൻ്റെ തുടർ ചികിത്സ മുടങ്ങിയവർ വരെയുണ്ട് പാലക്കാട് ജില്ലയിൽ. ചിറ്റൂർ ചിറപാടത്തെ ചെന്താമരയ്ക്ക് പണമില്ലാത്തതിനാൽ മകൻ്റെ വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. രണ്ട് മാസം എങ്കിലും കഴിഞ്ഞ് കല്യാണം നടത്താം എന്നാണ് പ്രതീക്ഷ.
280 കോടി രൂപയാണ് പാലക്കാട് ജില്ലയിൽ മാത്രം കൊടുത്ത് തീർക്കാൻ ഉള്ളത്. ഒരേക്കറിൽ താഴെ കൃഷി ഉള്ളവർക്ക് പേരിന് സംഭരണ തുക കൊടുത്ത് തുടങ്ങി. ശനിയും ഞായറും ഓണ ദിനങ്ങളും കൂടി വരുന്നതോടെ ബാങ്ക് അവധിയാണ്. പണം കിട്ടാൻ ഇനിയും കാത്തിരിക്കണം. എത്ര കൊടുതെന്ന ചോദ്യത്തിന് സപ്ലൈക്കോയ്ക്ക് കൃത്യമായ മറുപടിയുമില്ല.