എട്ട് വർഷം പഴക്കമുള്ള വാഹനം സ്വന്തമായുണ്ടോ? വരുന്നു 'ഗ്രീൻ ടാക്സ്'
ഗ്രീൻ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങൾ ഒഴിവാക്കുന്നതിനും ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ.
ദില്ലി: രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ പുതിയ നികുതി വാഹന ഉടമകൾക്ക് മേൽ ചുമത്താൻ ആലോചിക്കുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയ്ക്ക് പുറമെ സിഎൻജി, എഥനോൾ, എൽപിജി എന്നിവയിലോടുന്ന വാഹനങ്ങൾക്കും പുതിയ നികുതി നിർദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ഗ്രീൻ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കും. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങൾ ഒഴിവാക്കുന്നതിനും ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതിനുള്ള ശുപാർശ അംഗീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തിൽ റോഡ് ടാക്സിന്റെ പത്ത് മുതൽ 25 ശതമാനം വരെ തുക ഗ്രീൻ ടാക്സായി പിരിക്കാനാണ് ആലോചന. എട്ട് വർഷം പഴയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്. ഇന്ധനത്തിന്റെയും ഏത് തരം വാഹനം എന്നതിന്റെയും അടിസ്ഥാനത്തിൽ ടാക്സ് തുക വ്യത്യാസപ്പെട്ടിരിക്കും. കാർഷിക ഉപയോഗത്തിനുള്ള ട്രാക്ടർ, വിളവെടുപ്പ് യന്ത്രം, ടില്ലർ തുടങ്ങിയവയ്ക്ക് ഗ്രീൻ ടാക്സ് ഉണ്ടാവില്ല.