ഇനി മുതൽ ഗൂഗിൾ പേയിലും പേടിഎമ്മിലും ക്രെഡിറ്റ് കാർഡ് ഇടപാടുകൾ

ഗൂഗിൾ പേ, പേടിഎം,  ഭാരത് പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്താം.  റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകൾക്ക് ആർബിഐ  അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം

NPCI has enabled credit card transactions on the UPI platform apk

യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകൾ വിപുലീകരിക്കുന്ന തീരുമാനവുമായി നാഷണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ. ഇനി മുതൽ ഗൂഗിൾ പേ, പേടിഎം, ഭാരത് പേ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നതിനുള്ള സംവിധാനമാണ് വരുന്നത്. ഇത്  വഴി  ഉപയോക്താക്കൾക്ക് യുപിഐ പേയ്മെന്റുകൾ കൂടുതൽ സുഗമമായി നടത്തുന്നതിനുള്ള കൂടുതൽ ഓപ്ഷനുകൾ കൈവരികയും,  ഓൺലൈൻ ഇടപാടുകൾക്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ താൽപ്പര്യപ്പെടുന്നവർക്ക് സഹായകരമാവുകയും ചെയ്യും. യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകളിൽ പുതിയ അപ്ഡേഷൻ എപ്പോൾ നിലവിൽ വരുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

റുപേ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് യുപിഐ ഇടപാടുകൾക്ക് ആർബിഐ  അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം. ഭാരത് പേ, കാഷ് ഫ്രീ പേയ്‌മെന്റ്‌സ്, ഗൂഗിൾ പേ, റാസോർ പേ, പെ ടിഎം, പിൻ ലാബ്‌സ്  എന്നീ പ്ലാറ്റ്‌ഫോമുകളിൽ  ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റുകൾ നടത്താനാകും. പുതിയ നടപടിയിലൂടെ ഉപയോക്താക്കൾക്ക്  ഹ്രസ്വകാല ക്രെഡിറ്റിന്റെയും ക്രെഡിറ്റ് കാർഡുകൾ നൽകുന്ന റിവാർഡുകളുടെയും ആനുകൂല്യങ്ങൾ ആസ്വദിക്കാനും കഴിയും. നിലവിൽ ഗൂഗിൾ പേ, പേടിഎം പോലുള്ള പ്ലാറ്റ് ഫോമുകൾ വഴി ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സാധ്യമില്ല.

പുതിയ നീക്കം ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റുകൾ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നുത്. കാരണം ക്രെഡിറ്റ് കാർഡ് ഉപയോഗം വിപുലമായ ഇടപാടുകൾക്കുള്ള സാധ്യതയാണ് വർധിപ്പിക്കുന്നത്. കൂടാതെ രാജ്യത്ത് ഡിജിറ്റൽ പേയ്മെന്റുകളുടെ  സ്വീകര്യാതയും കൂടും. നിലവിൽ 250 ദശലക്ഷത്തിലധികം ഉപയോക്താക്കളും 5 കോടി വ്യാപാരികളും പേയ്മെന്റുകൾക്കായി യുപിഐ ഉപയോഗിക്കുണ്ട്.  ഈ വർഷം ജനുവരിയിൽ യുപിഐ ഉപയോഗിച്ച് ഏകദേശം 8038.59 ദശലക്ഷം ഇടപാടുകളാണ് നടത്തിയത്.  ക്രെഡിറ്റ് കാർഡുകൾ കൂടി വരുന്നതോടെ അടുത്ത നാല് വർഷത്തിനുള്ളിൽ ഇടപാടുകളുടെ എണ്ണം 16 ശതമാനം വർധിക്കുമെന്നാണ് ആർബിഐ പ്രതീക്ഷിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios