ഈ വരുമാനങ്ങൾക്ക് നികുതി വേണ്ട; ആദായ നികുതി ലാഭിക്കാൻ സഹായിക്കുന്ന 5 ഐഡിയകൾ
നികുതിയേതര വരുമാനം എന്താണ്? വരുമാനത്തിന് മുകളിൽ നികുതി ലഭിക്കാനുള്ള വഴികൾ അറിയാമോ?
രാജ്യത്തെ ഉപഭോക്താക്കൾക്ക് പിഴ കൂടാതെ ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31 ന് അവസാനിച്ചിരുന്നു. പല നികുതിദായകരും റീഫണ്ടിനായി കാത്തിരിക്കുകയാണ്. നികുതിയില്ലാത്ത ചില വരുമാനങ്ങളെക്കുറിച്ച് പലർക്കും ധാരണയില്ലെന്നതാണ് യാഥാർഥ്യം. ഇത്തരത്തിൽ നേടുന്ന വരുമാനങ്ങൾക്ക് നികുതി ബാധ്യത പൂജ്യമാണ്. ഐടിആറിൽ ഈ വരുമാനം ഉൾപ്പടുത്തണമെന്നത് നിർബന്ധമാണ്. കാരണം വരവ് ചെലവുകൾ കുറിച്ചും ശരിയായ സാമ്പത്തിക നിലയെ കുറിച്ചും അധികാരികളെ അറിയിക്കുകയും തെളിവ് കാണിക്കുകയും ചെയ്യേണ്ടത് പൗരന്റെ കടമയാണ്. കിഴിവുകൾ ക്ലെയിം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.
നികുതി ലാഭിക്കാൻ കഴിയുന്ന തരത്തിൽ നിക്ഷേപം നടത്താൻ സാധിക്കും. അതായത് സുകന്യ സമൃദ്ധി സ്കീം പോലുള്ള നിക്ഷേപ പദ്ധതികളുടെ കാര്യത്തിൽ നികുതി നൽകേണ്ടതില്ല. ഏതൊക്കെ വരുമാനങ്ങളെയാണ് നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നതെന്ന് അറിയുന്നത് വ്യക്തികൾക്ക് അവരുടെ ഐടിആർ തെറ്റില്ലാതെ ഫയൽ ചെയ്യാനും അവരുടെ നികുതി ഭാരം കുറയ്ക്കാനും സഹായിക്കും.
ALSO READ: കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് കമുകിന്‍ പാള ബിസിനസ്; 'പാപ്ല' വെറുമൊരു ബ്രാന്‍ഡല്ല!
എന്താണ് നികുതിയേതര വരുമാനം?
ആദായനികുതിക്ക് വിധേയമല്ലാത്ത ഏതൊരു വരുമാനത്തെയും നികുതിയേതര വരുമാനം എന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ നികുതി ബാധ്യതയുടെ കണക്കിൽ നിന്ന് ഈ വരുമാനം പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു.
നികുതിയില്ലാത്ത വരുമാനത്തിന്റെ തരങ്ങൾ
1. സമ്മാനങ്ങൾ അല്ലെങ്കിൽ പൈതൃക സ്വത്ത്:
നികുതിദായകന് ബന്ധുക്കളിൽ നിന്നുള്ള സമ്മാനങ്ങൾ വഴി വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ, അത് പൊതുവെ നികുതി വിധേയമായ വരുമാനമായി കണക്കാക്കില്ല. എന്നാൽ ബന്ധുക്കളല്ലാത്തവരിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യം 50,000 രൂപയിൽ താഴെയാണെങ്കിൽ മാത്രമേ ഒഴിവാക്കൂ. നികുതിദായകന്റെ വിവാഹ വേളയിൽ സമ്മാനം ലഭിച്ചാൽ, അതും നികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
2. ലൈഫ് ഇൻഷുറൻസ് റിട്ടേണുകൾ:
ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന റിട്ടേണുകൾക്ക്, മരണ ആനുകൂല്യം ഉൾപ്പെടെ, നികുതി നൽകേണ്ടതില്ല. ഇൻഷുറൻസ് തുകയുടെ കാര്യത്തിൽ ഇത് വ്യത്യാസപ്പെടാം.
3. കാർഷിക വരുമാനം:
ആദായനികുതി നിയമത്തിലെ സെക്ഷൻ 10(1) പ്രകാരം കൃഷിയിൽ നിന്നുമുള്ള വരുമാനത്തിന് നികുതിയില്ല. കോഴി വളർത്തലിൽ നിന്നും പശു വളർത്തലിൽ നിന്നും ലഭിക്കുന്ന വരുമാനത്തെയും നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
4. ഗ്രാറ്റുവിറ്റി:
ദീർഘകാലവുമായ സേവനത്തിന് ജീവനക്കാർക്ക് ലഭിക്കുന്ന തുകയെ ഗ്രാറ്റുവിറ്റി എന്ന് വിളിക്കുന്നു. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഗ്രാറ്റുവിറ്റി തുക പൂർണമായും നികുതി രഹിതമാണ്. 1972-ലെ ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ വരുന്ന സർക്കാർ ഇതര ജീവനക്കാർക്ക്, തുക 10 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ നികുതി ഇളവ് ബാധകമാണ്. ഒരു സ്ഥാപനത്തിൽ 5 വർഷത്തെ സേവനത്തിന് ശേഷം ഗ്രാറ്റുവിറ്റി നിയമത്തിന് കീഴിൽ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റി പേയ്‌മെന്റിന് അർഹതയുണ്ട്.
5. നിർദ്ദിഷ്‌ട വരുമാനത്തിലുള്ള പലിശ:
സുകന്യ സമൃദ്ധി സ്കീം, ഗോൾഡ് ഡെപ്പോസിറ്റ് ബോണ്ടുകൾ, നികുതി രഹിത ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകൾ തുടങ്ങിയ ചില സ്കീമുകളിൽ നിന്ന് ലഭിക്കുന്ന പലിശ ബാധ്യതകളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.
ആദായനികുതി ഫയൽ ചെയ്യുമ്പോൾ എന്തെങ്കിലും പിഴവുകൾ ഉണ്ടാകാതിരിക്കാൻ നികുതി നൽകേണ്ടതും അല്ലാത്തതുമായ വരുമാനം തമ്മിൽ വേർതിരിച്ചറിയേണ്ടത് പ്രധാനമാണ്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം