വിവാഹം നടക്കാൻ നിത അംബാനി വെച്ചത് ഒരേയൊരു നിബന്ധന; മുകേഷ് അംബാനിയുടെ പ്രണയം പൂവണിഞ്ഞത് ഇങ്ങനെ...
ഒരു സിൻഡ്രല്ല കഥ പോലെയാണ് നിത അംബാനിയുടെ കഥ. മുകേഷിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് നിബന്ധന വെച്ചിരുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനാണ് മുകേഷ് അംബാനി. 116.1 ബില്യൺ ഡോളറിൻ്റെ ആസ്തിയുള്ള മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും ഇന്ന് റിലയൻസിന്റെ മുഖമുദ്രയാണ്. റിലയൻസ് ഫൗണ്ടേഷനെ നയിക്കുന്ന നിത മുംബൈ ഇന്ത്യൻസ് ഐപിഎൽ ടീമിൻ്റെ ഉടമയുമാണ്. മുംബൈയിൽ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്റർ സ്ഥാപിച്ച നിത ബിസിനസ്സിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഒരുപോലെ ശ്രദ്ധ നൽകാറുണ്ട്. മുകേഷ് അംബാനിയെ വിവാഹം ചെയ്യുന്നതിന് മുൻപ് നിത അംബാനി ഒരു നിബന്ധന വെച്ചിരുന്നു. എന്താണത്?
ഇടത്തരം ഗുജറാത്തി കുടുംബത്തിൽ ജനിച്ച നിത നഴ്സറി സ്കൂൾ അധ്യാപിക ആയിരുന്നു. ഒരു സിൻഡ്രല്ല കഥ പോലെയാണ് നിത അംബാനിയുടെ കഥ. മുകേഷ് അംബാനിക്ക് നിതയോടുള്ള പ്രണയം സഫലമാക്കാൻ ഇറങ്ങിത്തിരിച്ചത് അച്ഛൻ ധിരുഭായ് അംബാനി തന്നെയാണ്, എന്നാൽ വിവാഹം ചെയ്യണമെങ്കിൽ ഈ നിബന്ധന അംഗീകരിക്കണമെന്നായിരുന്നു നിതയുടെ ആവശ്യം. ധനിക കുടുംബത്തിലേക്ക് എത്തുകയാണെങ്കിലും തനിക്ക് തന്റെ അധ്യാപന ജീവിതം തുടരാമെന്നായിരുന്നു നിത മുന്നോട്ട് വെച്ച ആവശ്യം. ഇത് അംബാനി കുടുംബം അംഗീകരിക്കുകയും ചെയ്തു.
സൺഫ്ലവർ നഴ്സറിയിൽ സ്കൂൾ അധ്യാപികയായി ജോലി ചെയ്ത നിത അംബാനിയുടെ ആദ്യ ശമ്പളം പ്രതിമാസം 800 രൂപ ആയിരുന്നു. ഈ പ്രതിഫലത്തെ കുറിച്ച് പിന്നീട് സിമി ഗരേവാളുമായുള്ള ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. ചെറിയ തുക ആയിരുന്നെങ്കിലും അന്ന് എനിക്കത് വിലപ്പെട്ടതായിരുന്നു എന്ന് അവർ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ കണ്ടുമുട്ടിയ ആദ്യ നാളുകളിൽ അത്താഴം കഴിക്കാൻ നിതയുടെ ശമ്പളമാണ് ഉപയോഗിച്ചിരുന്നതെന്ന് മുകേഷ് അംബാനി തമാശയായി ആ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
1985ലാണ് നിതയും മുകേഷ് അംബാനിയും വിവാഹിതരായത്. അംബാനി കുടുംബത്തിൽ എത്തിയ ശേഷവും നിത അധ്യാപികയായി ജോലി തുടർന്നിരുന്നു. നർസി മോൻജി കോളേജ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇക്കണോമിക്‌സിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ വ്യക്തിയാണ് നിത അംബാനി.
2014 ൽ, നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസിലെ ഡയറക്ടർ ബോർഡിൽ ചേർന്നു, 2022-2023 ലെ റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക റിപ്പോർട്ട് പറയുന്നത് പ്രകാരം 6 ലക്ഷം രൂപയാണ് നിത അംബാനിയുടെ റിലയൻസിൽ നിന്നുള്ള വരുമാനം ഒപ്പം 2 കോടി രൂപ കമ്മീഷനും. എന്നാൽ മക്കളായ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവർ കമ്പനിയിലെ പ്രധാന റോളുകൾ ഏറ്റെടുത്തതിനാൽ 2023 ഓഗസ്റ്റിൽ നിത ഡയറക്ടർ ബോർഡിൽ നിന്ന് ഇറങ്ങി.
.