സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണോ? നവംബറിലെ ഈ 5 പ്രധാന മാറ്റങ്ങൾ മറക്കരുത്

എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നിയന്ത്രണങ്ങള്‍, പുതിയ റെയില്‍വേ നിയമങ്ങള്‍, ആര്‍ബിഐയുടെ പുതുക്കിയ പണം കൈമാറ്റ മാര്‍ഗരേഖകള്‍ എന്നിവ ഇവയില്‍ ചിലതാണ്.

New credit card, train ticket, money transfer rules, special FD deadline 5 major changes in November 2024

സാമ്പത്തിക ഇടപാടുകള്‍, മറ്റ് ചില സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചില നിര്‍ണായക മാറ്റങ്ങള്‍ നംവബര്‍ മുതല്‍ പ്രാബല്യത്തില്‍ വരും. എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നിയന്ത്രണങ്ങള്‍, പുതിയ റെയില്‍വേ നിയമങ്ങള്‍, ആര്‍ബിഐയുടെ പുതുക്കിയ പണം കൈമാറ്റ മാര്‍ഗരേഖകള്‍ എന്നിവ ഇവയില്‍ ചിലതാണ്.

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് നിയമം

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡിന്‍റെ ഫിനാന്‍സ് ചാര്‍ജ് പ്രതിമാസം 3.50 ശതമാനത്തില്‍ നിന്ന് 3.75 ശതമാനമായി പുതുക്കിയത് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റിന്‍റെ പലിശയും പിഴയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ, കാര്‍ഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളുടെയും ആകെത്തുകയാണ് ഫിനാന്‍സ് ചാര്‍ജ്. ശൗര്യ/ഡിഫന്‍സ് ക്രെഡിറ്റ് കാര്‍ഡ് ഒഴികെയുള്ള എല്ലാ സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെയും ഫിനാന്‍സ് ചാര്‍ജുകളിലും എസ്ബിഐ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 3.75% ഫിനാന്‍സ് ചാര്‍ജ് ആണ് ഈടാക്കുക. ഇത് നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. സെക്യൂരിറ്റി ഡെപ്പോസിറ്റോ ഈടുകളോ നല്‍കേണ്ടതില്ലാത്ത ക്രെഡിറ്റ് കാര്‍ഡുകളാണ് സുരക്ഷിതമല്ലാത്ത ക്രെഡിറ്റ് കാര്‍ഡുകള്‍ . ഏതെങ്കിലും സെക്യൂരിറ്റി അടിസ്ഥാനമായി എടുക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളാണ് സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകള്‍. ഉദാഹരണത്തിന്, സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നല്‍കിയ ക്രെഡിറ്റ് കാര്‍ഡുകള്‍ സുരക്ഷിത ക്രെഡിറ്റ് കാര്‍ഡുകളാണ്.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്‍റെ ഫീസ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിരവധി ക്രെഡിറ്റ് കാര്‍ഡുകള്‍ക്കുള്ള റിവാര്‍ഡുകള്‍ കുറയ്ക്കുകയും ചെയ്തു. മാറ്റിയ നിരക്കുകള്‍ 2024 നവംബര്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.100,000 രൂപയ്ക്ക് മുകളിലുള്ള ചെലവുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഒഴിവാക്കല്‍, സര്‍ക്കാര്‍ ഇടപാടുകള്‍ക്കുള്ള റിവാര്‍ഡുകള്‍ ഒഴിവാക്കല്‍, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള പേയ്മെന്‍റിന് 1% ഫീസ്, പുതുക്കിയ ലേറ്റ് പേയ്മെന്‍റ് ചാര്‍ജുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതിയ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമം

ഇന്ത്യന്‍ റെയില്‍വേയുടെ ട്രെയിന്‍ ടിക്കറ്റ് മുന്‍കൂര്‍ റിസര്‍വേഷന്‍ കാലയളവ് 120 ദിവസത്തില്‍ നിന്ന് 60 ദിവസമായി ചുരുക്കിയത് നാളെ മുതല്‍ നിലവില്‍ വരും,

ആര്‍ബിഐ പണം കൈമാറ്റ നിയമം

2024 നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഗാര്‍ഹിക പണ കൈമാറ്റത്തിനുള്ള (ഡിഎംടി) പുതിയ നിയമങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പ്രഖ്യാപിച്ചു. തട്ടിപ്പിനായി ബാങ്കിംഗ് ചാനലുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ഈ നിയമങ്ങള്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ ബാങ്ക് പ്രത്യേക എഫ്ഡി

ഇന്ത്യന്‍ ബാങ്കിന്‍റെ 300, 400 ദിവസങ്ങളുള്ള എഫ്ഡികളുടെ സമയപരിധി 2024 നവംബര്‍ 30 വരെ നീട്ടി. സാധാരണ പൗരന്മാര്‍ക്ക് യഥാക്രമം 7.30%, 7.05% പലിശനിരക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക്, 7.55%, 7.55% പലിശ നിരക്കും ലഭിക്കും .

Latest Videos
Follow Us:
Download App:
  • android
  • ios