സ്ത്രീകൾക്ക് ഒട്ടേറെ നേട്ടം; ബാങ്ക് ഓഫ് ഇന്ത്യയുടെ നാരി ശക്തി
സ്വതന്ത്രമായി വരുമാനമുള്ളവരും ആയ സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ സേവിംഗ്സ് അക്കൗണ്ട്. ഈ അക്കൗണ്ട് എടുക്കുന്ന സ്ത്രീകൾക്ക് പല തരത്തിലുള്ള സൗകര്യങ്ങളും നൽകിയിട്ടുണ്ട്.
ആകർഷകമായ ഒട്ടേറെ ആനുകൂല്യങ്ങളുമായി സ്ത്രീകൾക്ക് മാത്രമായി ബാങ്ക് ഓഫ് ഇന്ത്യ നാരി ശക്തി എന്ന പേരിൽ സേവിംഗ്സ് അക്കൗണ്ട് പദ്ധതി ആരംഭിച്ചു. 18 വയസും അതിൽ കൂടുതലുമുള്ളതും, സ്വതന്ത്രമായി വരുമാനമുള്ളവരും ആയ സ്ത്രീകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഈ സേവിംഗ്സ് അക്കൗണ്ട്. ഈ അക്കൗണ്ട് എടുക്കുന്ന സ്ത്രീകൾക്ക് പല തരത്തിലുള്ള സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ചെലവുകുറഞ്ഞ ആരോഗ്യ ഇൻഷുറൻസ്, ലോക്കർ സൗകര്യം, സൗജന്യ ക്രെഡിറ്റ് കാർഡ്, ലോണിന്റെ പ്രോസസ്സിംഗ് ഫീസ് ഇളവ് എന്നിവയ്‌ക്കൊപ്പം വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടുന്നു.
നാരി ശക്തി സേവിംഗ് അക്കൗണ്ടിന്റെ പ്രയോജനങ്ങൾ
അപകട ഇൻഷുറൻസ് കവർ: ഈ അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് ഒരു കോടി രൂപ വരെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ ഇൻഷുറൻസ്: നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ കിഴിവ് ലഭിക്കും.
ലോക്കർ സൗകര്യങ്ങളിൽ ഇളവ്: ലോക്കർ സൗകര്യങ്ങളിലും അക്കൗണ്ട് ഉമടകൾക്ക് ഇളവുകൾ ലഭിക്കും, അതുവഴി സ്ത്രീകൾക്ക് അവരുടെ വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കാൻ കഴിയും.
ചെറുകിട വായ്പകൾക്ക് കുറഞ്ഞ പലിശ : നാരി ശക്തി സേവിംഗ്സ് അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് റീട്ടെയിൽ ലോണുകൾക്ക് കുറഞ്ഞ പലിശ നിരക്കിന് അർഹതയുണ്ട്. അക്കൗണ്ട് ഉടമകൾ റീട്ടെയിൽ ലോണുകൾക്ക് പ്രോസസ്സിംഗ് ഫീ ഒന്നും നൽകേണ്ടതില്ല, ഇത് അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കും.
സൗജന്യ ക്രെഡിറ്റ് കാർഡ്: നാരി ശക്തി സേവിംഗ് അക്കൗണ്ട് ഉള്ള സ്ത്രീകൾക്ക് സൗജന്യ ക്രെഡിറ്റ് കാർഡ് സൗകര്യവും ലഭിക്കും.
പിഒഎസിൽ ഉയർന്ന ഉപയോഗ പരിധി: അക്കൗണ്ട് ഉടമകൾക്ക് പിഒഎസ് ഇടപാടുകളിൽ 5 ലക്ഷം രൂപ വരെയുള്ള ഉയർന്ന ഉപയോഗ പരിധിയുടെ ആനുകൂല്യം ലഭിക്കും. വലിയ പർച്ചേസുകൾ എളുപ്പത്തിൽ നടത്താനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും.