അഞ്ച് ദിവസം പ്രവർത്തിച്ചാൽ പോരാ, ഇന്ത്യ ഒരു ദരിദ്രരാജ്യം, കഠിനാധ്വാനം വേണമെന്ന് എന്‍ ആര്‍ നാരായണമൂര്‍ത്തി

അഞ്ചുദിവസം ജോലി രണ്ടുദിവസം അവധി എന്ന സമ്പ്രദായത്തില്‍ തനിക്ക് നിരാശയുണ്ടെന്ന് എന്‍ ആര്‍ നാരായണമൂര്‍ത്തി

Narayana Murthy says he was disappointed when companies moved to 5-day work week

തൊഴിലും വ്യക്തിജീവിതവും സന്തുലിതമായി മുന്നോട്ടു കൊണ്ടുപോകണമെന്ന നിലപാടില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. അഞ്ചുദിവസം ജോലി രണ്ടുദിവസം അവധി എന്ന സമ്പ്രദായത്തില്‍ തനിക്ക് നിരാശയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിഎന്‍ബിസി ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ - വ്യക്തിജീവിത സന്തുലിതാവസ്ഥ വേണ്ടെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നും അതു മരണംവരെ അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ഇക്കാര്യത്തിലുള്ള അതേ നിലപാടാണ് ബാങ്കിംഗ് വിദഗ്ധനും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ കെ വി കാമത്തിനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്നും അതുകൊണ്ടുതന്നെ ജീവിത - തൊഴില്‍ സന്തുലിതാവസ്ഥയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനേക്കാള്‍ ഉപരി മറ്റു പല വിഷയങ്ങളിലും ഇന്ത്യ ശ്രദ്ധ പുലര്‍ത്തണം എന്നാണ് കാമത്തിന്‍റെ നിലപാട്. 1986ഇല്‍ ഇന്‍ഫോസിസില്‍ ആറു ദിവസം ജോലി ഒരു ദിവസം അവധി എന്നത് അഞ്ച് ദിവസം ജോലി രണ്ടുദിവസം അവധി എന്നതിലേക്ക് മാറ്റിയപ്പോള്‍ താന്‍ വളരെയധികം നിരാശനായിരുന്നു എന്നും  നാരായണമൂര്‍ത്തി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ആഴ്ചയില്‍ 100  മണിക്കൂര്‍ ജോലി ചെയ്യുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

 രാജ്യത്ത് കഠിനാധ്വാനത്തിന് ബദലില്ല എന്നും നിങ്ങള്‍ മിടുക്കന്‍ ആണെങ്കിലും വളരെയധികം കഠിനാധ്വാനം ചെയ്യണമെന്നും നാരായണമൂര്‍ത്തി പറഞ്ഞു.  തന്‍റെ ജീവിതകാലം മുഴുവന്‍ കഠിനാധ്വാനം ചെയ്തതില്‍ താന്‍ അഭിമാനിക്കുന്നു എന്നും അതിനാല്‍ തൊഴില്‍ ജീവിത സന്തുലിതാവസ്ഥയില്‍ താന്‍ പുലര്‍ത്തുന്ന കാഴ്ചപ്പാട് മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വയം തൊഴിലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറയുമ്പോള്‍ താന്‍ ദിവസത്തില്‍ 14 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്നും ആഴ്ചയില്‍ ആറര ദിവസം തന്‍റെ പ്രൊഫഷണല്‍ ജോലികള്‍ക്കായി നീക്കി വെച്ചിട്ടുണ്ടെന്നും നാരായണമൂര്‍ത്തി പറഞ്ഞു. ജോലിചെയ്യുന്ന കാലയളവില്‍ താന്‍ രാവിലെ 6 30ന് ഓഫീസില്‍ എത്തുകയും രാത്രി 8:30ന് ശേഷം മാത്രമേ ജോലി അവസാനിപ്പിക്കാറുണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Latest Videos
Follow Us:
Download App:
  • android
  • ios