5ജിക്ക് മുൻപ് 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി; അനുഗ്രഹത്തിനായി ബദ്രി-കേദാർ സന്ദർശനം
ബദ്രി-കേദാർ ക്ഷേത്രത്തിലേക്ക് 5 കോടി സംഭാവന നൽകി മുകേഷ് അംബാനി. ക്ഷേത്ര ദർശനത്തിന് ഒപ്പമുണ്ടായിരുന്നത് ഈ വ്യക്തി. പ്രത്യേക പൂജയിൽ പങ്കെടുത്തു
ദില്ലി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റിക്ക് 5 കോടി രൂപ സംഭാവന നൽകി. രാജ്യത്ത് 5 ജി മൊബൈൽ സേവനങ്ങൾ പുറത്തിറക്കുന്നതിന് മുന്നോടിയായി പുരാതന ക്ഷേത്ര സന്ദർശത്തിലാണ് മുകേഷ് അംബാനി എന്നാണ് റിപ്പോർട്ട്. ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ച വേളയിലാണ് സംഭാവന നൽകിയത്. ഹെലികോപ്റ്ററിൽ ഉത്തരാഖണ്ഡിലെ ക്ഷേത്രത്തിൽ എത്തിയ അംബാനി പൂജയിൽ പങ്കെടുത്ത ശേഷം മടങ്ങിയതായി ബദ്രി-കേദാർ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കിഷോർ പൻവാർ പറഞ്ഞു.
Read Also: കൊവിഡ് ദാരിദ്ര്യം വർധിപ്പിച്ചു; 56 ദശലക്ഷത്തിലധികം ഇന്ത്യക്കാർ കടുത്ത ദാരിദ്യത്തിലെന്ന് ലോകബാങ്ക്
മുകേഷ് അംബാനിയോടൊപ്പം ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധു രാധിക മർച്ചന്റമുണ്ടായിരുന്നു. ഇരുവരും ബദരീനാഥ് ക്ഷേത്രം സന്ദർശിക്കുന്ന വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്.
ഈ വർഷം സെപ്റ്റംബർ 18 ന് മുകേഷ് അംബാനി കേരളത്തിലും എത്തിയിരുന്നു. ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയത്. ഗുരുവായൂർ ക്ഷേത്രത്തിന്റെ അന്നദാനം ഫണ്ടിലേക്ക് 1.51 കോടി രൂപ മുകേഷ് അംബാനി സംഭാവന നൽകിയിരുന്നു. സെപ്റ്റംബർ 8 ന് വിനയക ചതുർഥി ദിനത്തിൽ മുംബൈയിലെ പ്രശസ്തനായ ലാൽബാഗ്‌ച രാജയെ മുകേഷ് അംബാനി സന്ദർശിച്ചിരുന്നു. സെപ്റ്റംബർ 12 ന് രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാര പട്ടണത്തിലുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിലും അംബാനി എത്തി. അംബാനി കുടുംബം ശ്രീനാഥ്ജിയിൽ ഉറച്ച വിശ്വാസമുള്ളവരാണ്. ചാർട്ടേഡ് വിമാനത്തിലാണ് അംബാനി അന്ന് ഉദയ്പൂരിലെ ദബോക്ക് വിമാനത്താവളത്തിലെത്തിയത്.
Read Also: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം
സെപ്റ്റംബർ 15-ന് ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലും മുകേഷ് അംബാനി സന്ദർശനം നടത്തിയിരുന്നു. 1.5 കോടി രൂപയാണ് അന്ന് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) മുകേഷ് അംബാനി സംഭാവന നൽകിയത്.
റിലയൻസ് ജിയോയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 5ജി. അതിനാൽ തന്നെ ഇന്ത്യയിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് മുകേഷ് അംബാനി ദൈവാനുഗ്രഹം തേടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങി ഒന്നിലധികം പ്രധാന നഗരങ്ങളിൽ ഈ വർഷം ദീപാവലിയോടെ അതിവേഗ 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കാൻ റീലിൻസ് തയ്യാറെടുക്കുകയാണ്. 2023 ഡിസംബറോടെ രാജ്യത്തുടനീളമുള്ള എല്ലാ നഗരങ്ങളിലേക്കും 5ജി എത്തിക്കും.