മുൻപേ നടക്കാൻ റിലയൻസ്, വൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി; വരാൻ പോകുന്നത് 'ജിയോ ബ്രെയിൻ'

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ ഒരു പടി മുന്നേ നടക്കാനുള്ള തീരുമാനമാണ് മുകേഷ് അംബാനി നടത്തിയിരിക്കുന്നത്.

 

 

Mukesh Ambani unveils AI brainchild JioBrain at Reliance AGM

ഹരിയുടമകളുടെ വാർഷിക പൊതുയോഗങ്ങളിൽ ത്രില്ലടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എത്തുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ  മുകേഷ് അംബാനി ഇത്തവണയും പതിവ് തെറ്റിച്ചില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഈ കാലഘട്ടത്തിൽ ഒരു പടി മുന്നേ നടക്കാനുള്ള തീരുമാനമാണ് മുകേഷ് അംബാനി നടത്തിയിരിക്കുന്നത്. ജിയോ ബ്രെയിൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

'ജിയോ ബ്രെയിൻ' എന്ന പേരിൽ മുഴുവൻ എഐയെയും ഉൾക്കൊള്ളുന്ന  സമഗ്രമായ ടൂളുകളും പ്ലാറ്റ്‌ഫോമുകളും വികസിപ്പിക്കുകയാണ് റിലയൻസ് .   ഇതിനായി ജാംനഗറിൽ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കും,  പൂർണ്ണമായും റിലയൻസിന്റെ ഗ്രീൻ എനർജി ഉപയോഗിച്ചായിരിക്കും ഇത് പ്രവർത്തിക്കുകയെന്നും അംബാനി പറഞ്ഞു. ഓരോ വ്യക്തിക്കും എഐയിലേക്കുള്ള പ്രവേശനം എളുപ്പമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതുവഴി ജീവിതം ലളിതമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലായിടത്തും എല്ലാവർക്കും വേണ്ടിയുള്ള എഐ’ എന്ന നയവും കമ്പനി അവതരിപ്പിച്ചു.  മുൻ നിര സ്ഥാപനങ്ങളുമായി ചേർന്ന് കുറഞ്ഞ ചെലവിലുള്ള എഐ സംവിധാനം ലഭ്യമാക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു. എല്ലാ ഡിജിറ്റൽ ഉള്ളടക്കവും ഡാറ്റയും സുരക്ഷിതമായി സംഭരിക്കാനും ആക്‌സസ് ചെയ്യാനും ജിയോയുടെ എഐ ക്ലൗഡ് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകും.  

പത്ത് ലക്ഷം കോടി രൂപ വാര്‍ഷിക വരുമാനം നേടുന്ന ആദ്യത്തെ കമ്പനി എന്ന നേട്ടവും റിലയന്‍സ് സ്വന്തമാക്കി. 79,020 കോടിയാണ് കമ്പനിയുടെ ലാഭം. നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് ഏറ്റവുമധികം വിഹിതം നല്‍കുന്ന കമ്പനിയും റിലയന്‍സാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 1.86 ലക്ഷം കോടി രൂപയാണ് നികുതിയായി റിലയന്‍സ് അടച്ചത്. ഏറ്റവും പുതിയതായി ആരംഭിച്ച ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്‍റെ വിപണി മൂല്യം 2.2 ലക്ഷം കോടിയായി.  ഓഹരിയുടമകള്‍ക്ക് ബോണസും   റിലയൻസ് ഇൻഡസ്ട്രീസ് പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് മറ്റൊരു ഓഹരി എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി ലഭിക്കുക.

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണിയില്‍ വിപ്ലവം തീര്‍ത്ത ജിയോയാണ് ആഗോള മൊബൈല്‍ ട്രാഫികിന്‍റെ എട്ട് ശതമാനവും സംഭാവന ചെയ്യുന്നതെന്ന് റിലയന്‍സ് വ്യക്തമാക്കി. കൂടാതെ ജിയോ എയര്‍ഫൈബര്‍ നൂറ് ദശലക്ഷം പേരിലേക്ക് എത്തിക്കാനും റിലയന്‍സിന് പദ്ധതിയുണ്ട്. റിലയന്‍സ് റീട്ടെയില്‍ ബിസിനസ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കുമെന്ന് കമ്പനിയുടെ ചുമതല വഹിക്കുന്ന ഇഷ അംബാനി വ്യക്തമാക്കി.

Latest Videos
Follow Us:
Download App:
  • android
  • ios