മുകേഷ് അംബാനിയുടെ വൻ നീക്കം, രാജ്യത്തെ മുൻനിര ബാങ്കുകൾക്ക് പേടി സ്വപ്‌നമാകാൻ ജിയോ ഫിനാൻസ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയെയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയെയും വെല്ലുവിളിച്ച് മുകേഷ് അംബാനി. എങ്ങനെയെന്നറിയണ്ടേ...
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നനായ മുകേഷ് അംബാനി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐയെയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സിയെയും വെല്ലുവിളിച്ചിരിക്കുകയാണ്. എങ്ങനെയെന്നല്ലേ.. മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസ് അതിൻ്റെ ഇതര ധനകാര്യ സ്ഥാപനമായ ജിയോ ഫിനാൻസ് ലിമിറ്റഡിലൂടെ വലിയ പ്രഖ്യാപനമാണ് ഇത്തവണ നടത്തിയിരിക്കുന്നത്. ഇനി മുതൽ ഭവന വായ്‌പ സേവനങ്ങൾ ആരംഭിക്കുമെന്നാണ് ആ പ്രഖ്യാപനം. ഇതിന്റെ അവസാന ഘട്ട പണിപ്പുരയിലാണ് മുകേഷ് അംബാനി. ഭവന വായ്പ കൂടാതെ, ആസ്തികൾക്കെതിരായ വായ്പകൾ, സെക്യൂരിറ്റീസ്-ബാക്ക്ഡ് ലോണുകൾ എന്നിവ പോലുള്ളവയും അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ച കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ആണ് സുപ്രധാന പ്രഖ്യാപനം വന്നത്. വന വായ്പകൾ അവതരിപ്പിക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ് എന്നും സപ്ലൈ ചെയിൻ ഫിനാൻസിംഗ്, മ്യൂച്വൽ ഫണ്ടുകൾക്കെതിരായ വായ്പകൾ തുടങ്ങി ജിയോ ഫിനാൻസ് ലിമിറ്റഡ് ഇതിനകം തന്നെ സുരക്ഷിത വായ്പ ഉൽപ്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിതേഷ് സേത്തിയ വ്യക്തമാക്കി.
2024 ഏപ്രിലിൽ ആണ് ജിയോ ഫിനാൻഷ്യൽ സർവീസസിൻ്റെ ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 394.70 രൂപയിലെത്തിയത്. അടുത്തിടെ, ജിയോ ഫിനാൻഷ്യൽ സർവീസസിനെ ഒരു കോർ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനിയായി (സിഐസി) പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. നിക്ഷേപം വായ്‌പാ സൗകര്യം, ഇൻഷുറൻസ് ബ്രോക്കിംഗ്, പേയ്‌മെൻ്റ് ബാങ്കിംഗ്, പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോം സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.