കൊവിഡ് കാലത്തും കുതിപ്പ് തുടർന്ന് മുകേഷ് അംബാനി; ലോകത്ത് ഒൻപതാം സ്ഥാനത്ത്
ഗൂഗിൾ സഹ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് പത്തും 11ഉം സ്ഥാനങ്ങളിൽ. സറ സ്ഥാപകൻ അമൻസിയോ ഒർട്ടേഗയാണ് അംബാനിക്ക് തൊട്ട് മുന്നിലുള്ളത്.
ദില്ലി: മൂലധന വിപണിയിൽ റിലയൻസ് ഇന്റസ്ട്രീസ് 11 ലക്ഷം കോടിയുടെ നാഴികക്കല്ല് പിന്നിട്ടതോടെ മുകേഷ് അംബാനിക്ക് ലോക ധനിക പട്ടികയിൽ ഒൻപതാം സ്ഥാനം നേടാനായി. ഫോർബ്സിന്റെ റിയൽ ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് 64.6 ബില്യൺ ഡോളർ ആസ്തിയുമായി അംബാനി ഒൻപതാമത് എത്തിയത്.
ഗൂഗിൾ സഹ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് പത്തും 11ഉം സ്ഥാനങ്ങളിൽ. സറ സ്ഥാപകൻ അമൻസിയോ ഒർട്ടേഗയാണ് അംബാനിക്ക് തൊട്ട് മുന്നിലുള്ളത്.
കഴിഞ്ഞ മാർച്ച് മാസത്തിൽ ഇതേ പട്ടികയിൽ 21ാം സ്ഥാനത്തായിരുന്നു അംബാനി. അന്ന് 36.8 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുണ്ടായത്. അന്ന് ലാറി പേജ് 13ാം സ്ഥാനത്തും ബ്രിൻ 14ാം സ്ഥാനത്തുമായിരുന്നു. എന്നാൽ പിന്നീട് ലോകവിപണിയിൽ അംബാനിയുടെ കുതിപ്പാണ് കണ്ടത്.
റിലയൻസ് ഇന്റസ്ട്രീസിന്റെ ഓഹരി മൂല്യം എക്കാലത്തെയും ഉയർന്ന 1788.60 രൂപയിലെത്തി നിൽക്കുകയാണ്. വെള്ളിയാഴ്ച ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ പ്രവർത്തനം അവസാനിച്ചപ്പോഴത്തെ കണക്കാണിത്. മാർച്ച് മാസത്തിൽ കമ്പനിക്ക് 1.61 ലക്ഷം കോടിയുടെ കടബാധ്യത ഉണ്ടായിരുന്നു. എന്നാൽ ജിയോ പ്ലാറ്റ്ഫോമുകളിൽ 24.7 ശതമാനം നിക്ഷേപം കണ്ടെത്തിയതോടെ 1.68 ലക്ഷം കോടി നിക്ഷേപം സമാഹരിക്കാൻ റിലയൻസിന് സാധിച്ചു. ഇതോടെ ഇപ്പോൾ കടബാധ്യതയില്ലാത്ത സ്ഥാപനമായും അവർ മാറി.