അംബാനി വിയർത്തു, അദാനി കുതിച്ചു; ലാഭനഷ്ട കണക്കുകൾ കണ്ട് അമ്പരന്ന് വ്യവസായ ലോകം
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ ഇടിവ് കാരണം ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഇന്നലെ കുത്തനെ ഇടിവ് രേഖപ്പെടുത്തി, അതേസമയം ഗൗതം അദാനിയുടെ ആസ്തി വര്‍ദ്ധിക്കുകയും ചെയ്തു.
മുകേഷ് അംബാനിക്ക് ഇന്നലെ ഓഹരി വിപണിയില്‍ നഷ്ടത്തിന്‍റെ ദിവസമായിരുന്നെങ്കില്‍ ഗൗതം അദാനിക്ക് നേരെ തിരിച്ചായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളിലെ ഇടിവ് കാരണം ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഇന്നലെ കുത്തനെ ഇടിവ് രേഖപ്പെടുത്തി, അതേസമയം ഗൗതം അദാനിയുടെ ആസ്തി വര്‍ദ്ധിക്കുകയും ചെയ്തു. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രതീക്ഷിച്ചതിലും കുറവ് വരുമാനം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് റിലയന്‍സ് ഓഹരികള്‍ ചൊവ്വാഴ്ച 2 ശതമാനത്തിലധികം ഇടിഞ്ഞു, ഇത് അംബാനിയുടെ ആസ്തിയില്‍ 2 ബില്യണ്‍ ഡോളറിന്‍റെ (16,811 കോടി രൂപ) ഇടിവിന് കാരണമായി. ഇതോടെ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ അംബാനി ഒരു സ്ഥാനം പിന്നോട്ട് പോയി 15-ാം സ്ഥാനത്തായി. ജൂലായ്-സെപ്റ്റംബര്‍ കാലയളവില്‍ 19,101 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവിലിത് 19,820 കോടിയായിരുന്നു. 3.6 ശതമാനം ആണ് ഇടിവ്. അംബാനിയുടെ സമ്പത്ത് കുറഞ്ഞപ്പോള്‍, ഗൗതം അദാനിക്ക് നേട്ടത്തിന്‍റെ ദിവസമായിരുന്നു ഇന്നലെ. അദാനിയുടെ ആസ്തി 266 കോടി രൂപയാണ് ഇന്നലെ വര്‍ദ്ധിച്ചത്. ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി ഇപ്പോള്‍ 18-ാം സ്ഥാനത്താണ്.
ആഗോള ശതകോടീശ്വരന്മാരുടെ പട്ടിക
ആഗോളതലത്തില്‍, ശതകോടീശ്വര പട്ടികയിലും ചില മാറ്റങ്ങള്‍ സംഭവിച്ചു.പട്ടികയില്‍ മുന്നിലുണ്ടായിരുന്ന ഫ്രഞ്ച് ആഡംബര വസ്തു വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ടിന് ഒറ്റ ദിവസം കൊണ്ട് 3.46 ബില്യണ്‍ ഡോളര്‍ നഷ്ടമായി. അദ്ദേഹത്തിന്‍റെ ആസ്തി ഇപ്പോള്‍ 182 ബില്യണ്‍ ഡോളറാണ്, കോടീശ്വരന്മാരുടെ പട്ടികയില്‍ അദ്ദേഹത്തെ അഞ്ചാം സ്ഥാനത്താണ്. ഇലോണ്‍ മസ്കും ജെഫ് ബെസോസും ആണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍. മസ്ക് 241 ബില്യണ്‍ ഡോളറുമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു, ബെസോസിന്‍റെ ആസ്തി 211 ബില്യണ്‍ ഡോളറാണ്.