ഏഷ്യയിലെ സമ്പന്നരിൽ ഒന്നാമൻ; സ്ഥാനമുറപ്പിച്ച് മുകേഷ് അംബാനി
126 ബില്യൺ ഡോളർ ആസ്തിയുമായി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്ന ഗൗതം അദാനി ഇപ്പോള്‍ 47.2 ബില്യൺ യുഎസ് ഡോളർ ആസ്തിയുമായി അംബാനിക്ക് പിന്നിലായി
ദില്ലി: ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി മുകേഷ് അംബാനി. ഫോബ്സിന്റെ ശതകോടീശ്വര പട്ടികയിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ ഏഷ്യയിലെ ഒന്നാമത്തെ സമ്പന്നനായത്. ഫോബ്‌സിന്റെ പട്ടിക പ്രകാരം ലോക സമ്പന്ന പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുകേഷ് അംബാനി. 83.4 ബില്യൺ ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി.
126 ബില്യൺ ഡോളർ ആസ്തിയുമായി ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായിരുന്ന ഗൗതം അദാനി ജനുവരി 24-ന് യു.എസ്. ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് വന്നതോടെ ആസ്തിയിൽ ഇടിവ് നേരിട്ടു. ഇപ്പോൾ 47.2 ബില്യൺ യുഎസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി അംബാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും ധനികനായ ഇന്ത്യക്കാരനാണ് അദാനി.
കഴിഞ്ഞ വർഷം, അംബാനിയുടെ ഓയിൽ-ടു-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസ് 100 ബില്യൺ ഡോളർ വരുമാനം മറികടക്കുന്ന ആദ്യത്തെ ഇന്ത്യൻ കമ്പനിയായിരുന്നു. ഒപ്പം കഴിഞ്ഞ വര്ഷം റിലയൻസിൽ തലമുറമാറ്റവും നടന്നിരുന്നു. മുകേഷ് അംബാനി തന്റെ മക്കൾക്ക് പ്രധാന ചുമതലകൾ കൈമാറി.ഇതുപ്രകാരം, മൂത്ത മകൻ ആകാശ് ടെലികോം വിഭാഗമായ ജിയോ ഇൻഫോകോമിന്റെ ചെയർമാൻ, മകൾ ഇഷ റീട്ടെയിൽ ബിസിനസ് മേധാവി, ഇളയ മകൻ അനന്ത് റിലയൻസിന്റെ പുതിയ ഊർജ്ജ സംരംഭങ്ങളുടെ തലവനുമായ. .
ഫോർബ്‌സിന്റെ ലോക ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ 25 പേരുടെ മൂല്യം 2.1 ട്രില്യൺ ഡോളറാണ്, 2022 ലെ മൂല്യമായ 2.3 ട്രില്യൺ ഡോളറിൽ നിന്ന് 200 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായത്.
ഫോർബ്‌സിന്റെ പട്ടിക പ്രകാരം, ആദ്യത്തെ 25 പേരിൽ മൂന്നിൽ രണ്ട് പേരും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ദരിദ്രരാണ്.