'എത്ര സ്വത്തുണ്ട്, മക്കളുണ്ട്'; ഈ വര്‍ഷം പാക്കിസ്ഥാനിൽ ഏറ്റവുമധികം തെരയപ്പെട്ടത് മുകേഷ് അംബാനിയെക്കുറിച്ച്
'മുകേഷ് അംബാനിയുടെ ആസ്തി', 'മുകേഷ് അംബാനിയുടെ സമ്പാദ്യം' എന്നിവയാണ് അംബാനിയെക്കുറിച്ച് പാക്കിസ്ഥാന്‍കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകള്‍
പാക്കിസ്ഥാന്‍കാര്‍ 2024ല്‍ ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞ ആളുകളുടെ പട്ടികയില്‍ മുകേഷ് അംബാനിയും. 'മുകേഷ് അംബാനിയുടെ ആസ്തി', 'മുകേഷ് അംബാനിയുടെ സമ്പാദ്യം' എന്നിവയാണ് അംബാനിയെക്കുറിച്ച് പാക്കിസ്ഥാന്‍കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകള്‍ . 'മുകേഷ് അംബാനിയുടെ മകന്‍', 'മുകേഷ് അംബാനിയുടെ മകന്‍റെ വിവാഹം', 'മുകേഷ് അംബാനിയുടെ വീട്', 'അംബാനിയുടെ ആസ്തി മൂല്യം' എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ തിരഞ്ഞ മറ്റ് വാക്കള്‍. ട്വല്‍ത്ത് ഫെയില്‍, മിര്‍സാപൂര്‍, ബിഗ് ബോസ് തുടങ്ങിയ സിനിമകളും ഷോകളും പാക്കിസ്ഥാനികള്‍ തിരഞ്ഞു. ഇന്ത്യ കളിച്ച മത്സരങ്ങളും 'ക്രിക്കറ്റ്' വിഭാഗത്തില്‍ പട്ടികയില്‍ ഇടം നേടി. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ്, പഞ്ചാബ്, ഇസ്ലാമാബാദ് ക്യാപിറ്റല്‍ ടെറിട്ടറി എന്നിവിടങ്ങളില്‍ താമസിക്കുന്നവരാണ് മുകേഷ് അംബാനിയുടെ വിവരങ്ങള്‍ ഏറ്റവും കൂടുതലായി തെരഞ്ഞത്.
മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ത് അംബാനിയുടെ വിവാഹ മാമാങ്കം ആഗോള തലത്തില്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബില്‍ ഗേറ്റ്സ്, സൗദി അരാംകോ ചെയര്‍പേഴ്സണ്‍ യാസര്‍ അല്‍ റുമയ്യന്‍, ഗായിക റിഹാന, ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി , ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് ദിവസങ്ങള്‍ നീണ്ട അനന്ത് അംബാനിയുടെ വിവാഹ ചടങ്ങുകളിലേക്ക് എത്തിയത്. വിവാഹ ചടങ്ങിന്‍റെ ഓരോ വിവരങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് മുകേഷ് അംബാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന്‍കാര്‍ ഗൂഗിളില്‍ തെരഞ്ഞത്. ഫോര്‍ബ്സിന്‍റെ കണക്കനുസരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ആകെ ആസ്തി 94.3 ബില്യണ്‍ ഡോളറാണ്. 120 ബില്യണ്‍ വരുമാനമുള്ള കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് . പെട്രോകെമിക്കല്‍സ്, ടെലികോം, ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ, ഫിനാന്‍ഷ്യല്‍ സര്‍വീസ്, റീട്ടെയില്‍ തുടങ്ങി നിരവധി മേഖലകളില്‍ റിലയന്‍സിന് സാന്നിധ്യമുണ്ട്.