കൂടൂതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കും; 8,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ
വരുന്ന ബജറ്റിൽ കൂടൂതൽ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ലക്ഷ്യം
ദില്ലി: 2023 ലെ കേന്ദ്ര ബജറ്റിന് മുന്നോടിയായി അസറ്റ് മോണിറ്റൈസേഷനിലൂടെ 20,000 കോടി രൂപ സമരഹരിക്കാൻ വ്യോമയാന മന്ത്രാലയം. വ്യോമയാന മേഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമം എന്നാണ് റിപ്പോർട്ട്. വരുന്ന ബജറ്റിൽ ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.
റായ്പൂർ, ജയ്പൂർ, വിജയവാഡ, കൊൽക്കത്ത, ഇൻഡോർ എന്നിവയുൾപ്പെടെ 12 വിമാനത്താവളങ്ങളുടെ പട്ടിക സ്വകാര്യവൽക്കരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. വിമാനത്താവളങ്ങളുടെ സ്വകാര്യവൽക്കരണത്തിലൂടെ 8,000 കോടി രൂപയിലധികം വരുമാനമുണ്ടാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
2023-ൽ വ്യോമയാന മേഖല
യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും വ്യോമയാന മേഖല കുതിച്ചുയരുകയാണ്. വിമാനത്താവളങ്ങളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗോവയിലും അരുണാചൽ പ്രദേശിലും പുതിയ വിമാനത്താവളങ്ങൾ ഉയർന്നു. രാജ്യത്ത് 146 പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളും ഹെലിപോർട്ടുകളും വാട്ടർ എയറോഡ്രോമുകളും ഉണ്ട്, വരും വർഷങ്ങളിൽ കുറഞ്ഞത് 200 പ്രവർത്തന വിമാനത്താവളങ്ങളെങ്കിലും ഉണ്ടാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
പകർച്ചവ്യാധിക്ക് ശേഷം വ്യോമയാന മേഖല കുതിപ്പ് വീണ്ടെടുത്തുവെന്ന് വിശ്വസിക്കുന്നുവെന്നും വരും വർഷങ്ങളിലും ഇന്ത്യയിലെ ഈ വളർച്ച തുടരുമെന്ന് വിശ്വാസമുണ്ട് എന്നും സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
അതേസമയം, ഏറ്റവും പുതിയ ഐസിഎഒ റാങ്കിംഗിൽ ഏറ്റവും മികച്ച വ്യോമയാന സുരക്ഷയുള്ള മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു, ഈ പ്രധാന മുന്നേറ്റം ആഭ്യന്തര വിമാനക്കമ്പനികളെ അന്താരാഷ്ട്ര വിപുലീകരണത്തിൽ സഹായിക്കും.
ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ റാങ്കിംഗ് അനുസരിച്ച്, ഇന്ത്യ ഇപ്പോൾ 48-ാം സ്ഥാനത്താണ്, 2018-ൽ ഉണ്ടായിരുന്ന 102-ാം റാങ്കിൽ നിന്ന് വമ്പൻ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. ഏഷ്യാ പസഫിക് മേഖലയേക്കാൾ ശക്തമായ വീണ്ടെടുക്കലാണ് ഇന്ത്യൻ വ്യോമയാന രംഗത്ത് ഉണ്ടായത്.