കുട്ടിക്ക് ആധാർ കാർഡുണ്ടോ; ഉണ്ടെങ്കിൽ ഗുണമെന്ത്? മൈനർ ആധാറിന് അപേക്ഷിക്കാം, ചില രേഖകൾ ഉണ്ടെങ്കിൽ സംഭവം ഈസി!
മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം
രാജ്യത്ത് സർക്കാർ പൗരന്മാർക്ക് നൽകുന്ന 12 അക്ക സവിശേഷ തിരിച്ചറിയൽ നമ്പറാണ് ആധാർ കാർഡ്. പൗരന്റെ ഐഡെൻറിറ്റി, വിലാസം, പ്രായം തുടങ്ങിയ കാര്യങ്ങളെല്ലാം തെളിയിക്കുവാൻ ഈ ഒരൊറ്റ തിരിച്ചറിയൽ രേഖ മതിയാവും, അതുകൊണ്ടു തന്നെ ആധാറിന് പ്രത്യേക പ്രാധാന്യവുമുണ്ട്.കൂടാതെ ഗവൺമെന്റ് സ്‌കീമുകളും സബ്സിഡികളും നേടുക, ബാങ്ക് അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുക, പാസ്പോർട്ട് നേടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ഇത് ആവശ്യമാണ്. ആധാർ കാർഡ് പ്രാഥമികമായി മുതിർന്നവർക്കുള്ളതാണെങ്കിലും പ്രായപൂർത്തിയാകാത്തവർക്കും സ്വന്തമായി ആധാർ കാർഡ് ലഭിക്കും. മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം
എന്നാൽ ഒരു മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിന്, നിങ്ങളുടെ കയ്യിൽ ചില രേഖകൾ ആവശ്യമാണ്: അവ ഏതൊക്കെയാണെന്ന് നോക്കാം
കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റ്.
മാതാപിതാക്കളുടെ ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുതയുള്ള മറ്റേതെങ്കിലും സർക്കാർ ഐഡി കാർഡ്
വൈദ്യുതി ബിൽ, വാട്ടർ ബിൽ അല്ലെങ്കിൽ ടെലിഫോൺ ബിൽ പോലെയുള്ള രക്ഷിതാവിന്റെ വിലാസം തെളിയിക്കുന്നതിനുള്ള രേഖ
കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ.
അടുത്ത പടിയായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്.കുട്ടിയും ആവശ്യമായ എല്ലാ രേഖകളും സഹിതം എൻറോൾമെന്റ് സെന്ററിലെത്തി, കുട്ടിയുടെ പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടുന്ന ഒരു എൻറോൾമെന്റ് ഫോം പൂരിപ്പിച്ചുനൽകുക.
എൻറോൾമെന്റ് ഫോം പൂരിപ്പിച്ച ശേഷം, കുട്ടിയുടെ ഫോട്ടോ എടുക്കും. നവജാത ശിശുക്കൾക്ക് ആധാർ കാർഡിന് അപേക്ഷിക്കുൾേ ബയോമെട്രിക് വിവരങ്ങൾ നല്‌കേണ്ടതില്ല. ഒരു കുട്ടി് 5 വയസ്സിന് താഴെയാണെങ്കിൽ, യുഐഡിഎഐ പ്രകാരം, കുട്ടിക്ക് വേണ്ടി മാതാപിതാക്കളിൽ അല്ലെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ആധികാരികത നൽകുകയും എൻറോൾമെന്റ് ഫോമിൽ ഒപ്പിട്ട് പ്രായപൂർത്തിയാകാത്തയാളെ എൻറോൾ ചെയ്യുന്നതിനുള്ള സമ്മതം നൽകുകയും വേണം.
മാത്രമല്ല കുട്ടിക്ക് ഡെമോഗ്രാഫിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ ലഭ്യമാക്കുകയും അതിൽ മാതാപിതാക്കളുടെ മുഖചിത്രം ബയോമെട്രിക്ക് വിവരമായി ഉപയോഗിക്കുകയും ചെയ്യും. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ, ബയോമെട്രിക്‌സ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോൾ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം. എ്ന്നാൽ കുട്ടി വിദേശത്ത് ആണെങ്കിൽ, തിരിച്ചറിയൽ രേഖയായി കുട്ടിയുടെ സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമാണ്.
അതേസമയം പത്തുവർഷമായി ആധാർ രേഖകൾ പുതുക്കാത്തവർക്ക് തിരിച്ചറിയൽ രേഖയുൾപ്പെടെ ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്, മേൽവിലാസം, തിരിച്ചറിയൽ രേഖകളടക്കം ജൂലൈ 14 വരെ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.