2.64 ലക്ഷം പുതിയ സംരംഭങ്ങൾ, 16,800 കോടിയുടെ നിക്ഷേപം; സംരംഭക വര്‍ഷത്തിന്‍റെ നേട്ടങ്ങൾ വിശദീകരിച്ച് മന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പരിപാടിയുടെ ഭാഗമായി 2.64 ലക്ഷം പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 16,800 കോടിയിലധികം രൂപയുടെ നിക്ഷേപവും 5.6 ലക്ഷം തൊഴില്‍ അവസരങ്ങളും ഇതിലൂടെയുണ്ടായി.
കൊച്ചി: സംസ്ഥാനത്തെ ചില്ലറ വില്‍പന വര്‍ധിപ്പിക്കാന്‍ പ്രദേശികതലത്തില്‍ ചില്ലറ വില്‍പന മേഖലകള്‍ വികസിപ്പിക്കുമെന്നും കേരളത്തിലേക്ക് കൂടുതല്‍ എഫ്എംസിജി ഉല്‍പാദക കമ്പനികളെ എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും വ്യവസായ മന്ത്രി പി രാജീവ്. കേരള ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വാണിജ്യ, വ്യവസായ വകുപ്പ് വിളിച്ചു ചേര്‍ത്ത എഫ്എംസിജി മേഖലയിലെ ബഹുരാഷ്ട്ര കമ്പനികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വാണിജ്യ, ചില്ലറ വ്യാപര മേഖലയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്ന സമഗ്ര വാണിജ്യ നയത്തിന്റെ കരട് തയ്യാറാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ യോഗം സംഘടിപ്പിച്ചത്. കരട് തയ്യാറാക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വാണിജ്യ മേഖലയിലുള്ളവര്‍ക്ക് കൂടുല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ഇതിനായി പ്രത്യേക വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പരിപാടിയുടെ ഭാഗമായി 2.64 ലക്ഷം പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 16,800 കോടിയിലധികം രൂപയുടെ നിക്ഷേപവും 5.6 ലക്ഷം തൊഴില്‍ അവസരങ്ങളും ഇതിലൂടെയുണ്ടായി. ഇവയില്‍ 1.17 ലക്ഷം സംരംഭങ്ങളും 7100 കോടിയിലധികം രൂപയുടെ നിക്ഷേപവും ചില്ലറ, മൊത്ത വ്യാപാര മേഖലയില്‍ നിന്നാണ്. 2.21 ലക്ഷം തൊഴിലാണ് ഈ മേഖലയില്‍ പുതിയതായി സൃഷ്ടിക്കപ്പെട്ടത്. മാറുന്ന കാലത്തെ വ്യാപാര ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഈ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിന് സര്‍ക്കാര്‍ വ്യവസായ, വാണിജ്യ ഡയറക്ട്രേറ്റിന് കീഴില്‍ പ്രത്യേക വാണിജ്യ വിഭാഗം രൂപീകരിച്ചിട്ടുണ്ട്.
വാണിജ്യ മേഖല ഉള്‍പ്പെടെയുള്ള എംഎസ്എംഇയ്ക്കായി എല്ലാ ജില്ലയിലും എംഎസ്എംഇ ക്ലിനിക്ക്, ഇന്‍ഷുറന്‍സ്, സൗജന്യ കോസ്റ്റ് അക്കൗണ്ടിങ് സേവനം തുടങ്ങിയ വിവിധ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സമഗ്ര ലോജിസ്റ്റിക് നയരൂപീകരണം അവസാന ഘട്ടത്തിലാണ്. വിഴിഞ്ഞത്ത് പ്രത്യേക ലോജിസ്റ്റിക് ഇടനാഴി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷനായ ചടങ്ങില്‍ വ്യവസായ, വാണിജ്യ ഡയറക്ട്രേറ്റ് അഡീഷണല്‍ ഡയറക്ടര്‍ കെ എസ് കൃപകുമാര്‍, വ്യവസായ, വാണിജ്യ ഡയറക്ടര്‍ എസ് ഹരികിഷോര്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെ–-ബിപ് സിഇഒ എസ് സുരാജ് എന്നിവരും സംസാരിച്ചു. അബോട്ട് ഇന്ത്യ, എവിടി, ഗോദ്റെജ് കണ്‍സ്യൂമര്‍, ഐടിസി, മെഡിമിക്സ്, നിര്‍മ, പോപ്പീസ് ബേബി കെയര്‍, യുനിബിക് ഫുഡ്സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് കമ്പനികളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. വാണിജ്യ, വ്യവസായ മേഖലയിലെ വിവിധ അസോസിയേഷനുകളും ബോര്‍ഡ് പ്രതിനിധികളുമായും മന്ത്രി ചര്‍ച്ച നടത്തി.