ബസ് മിനിമം ചാർജ് 10 രൂപ, ഓട്ടോ ചാർജ് 30 രൂപ: നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ
1500 സിസി ടാക്സി കാറുകൾക്ക് നിലവിൽ അഞ്ച് കിലോമീറ്റർ വരെ 175 രൂപയെന്നത് 200 ആകും
തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് - ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നടത്തി.
മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തിയത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോമീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.
ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക് ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
വെയിറ്റിംഗ് ചാർജ്, രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്റർ ആക്കി ഉയർത്തി. സർക്കാർ തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വർദ്ധിക്കുന്നതിന് ആനുപാതികമായ വർദ്ധനവല്ല ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.