2023 ൽ ഇതുവരെ പണിപോയവരുടെ ഞെട്ടിക്കും കണക്കുകൾ, കൂട്ടപിരിച്ചുവിടൽ തുടരുന്നു
പ്രമുഖ മുൻനിരകമ്പനികളിൽ നിന്നുമുള്ള പിരിച്ചുവിടൽ വാർത്തകൾക്ക് അവസാനമില്ല. 2023 ഏപ്രിൽ മാസത്തിലും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോവുകയാണ് ലോകത്തിലെ മുൻനിര കമ്പനികൾ.
പ്രമുഖ മുൻനിരകമ്പനികളിൽ നിന്നുമുള്ള പിരിച്ചുവിടൽ വാർത്തകൾക്ക് അവസാനമില്ല. 2023 ഏപ്രിൽ മാസത്തിലും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോവുകയാണ് ലോകത്തിലെ മുൻനിര കമ്പനികൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ചില കമ്പനികൾ അവകാശപ്പെടുമ്പോൾ, ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് മറ്റ് ചില കമ്പനികളുടെ മറുപടി. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റൈ ഭാഗമായി ,അടുത്ത റൗണ്ട് പിരിച്ചുവിടലുകൾ ഉടനുണ്ടാകുമെന്ന ആമസോണിൽ നിന്നും മെറ്റയിൽ നിന്നും വാർത്തകൾ വന്നത് ദിവസങ്ങൾക്ക് മുൻപാണ് .2023 ലെ കണക്കുകൾ മാത്രം പരിശോധിക്കുമ്പോൾ, 612 ടെക് കമ്പനികൾ ഇതിനകം 1,71,660 ജീവനക്കാരെ പിരിച്ചുവിട്ടതായി ലേഓഫ് എഫ്വൈഐ റിപ്പോർട്ട് പറയുന്നു.
മെറ്റാ
ടെക് കമ്പനിയായ മെറ്റയിൽ വൻതോതിലുള്ള പിരിച്ചുവിടലുകളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്നത്. ഇതുവരെ ആഗോളതലത്തിൽ 21,000 ജീവനക്കാരെയാണ് മെറ്റാ പിരിച്ചുവിട്ടത്. വരും മാസങ്ങളിൽ 10,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ഏപ്രിൽ 18 ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഒടുവിലായി 4000 ജീവനക്കാരെ പിരിച്ചുവിടാൻ മെറ്റ ഒരുങ്ങുന്നതായി അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, റിയാലിറ്റി ലാബ്സ്, വാട്ട്സ്ആപ്പ് എന്നിവയുടെ സാങ്കേതിക വിദഗ്ധരെയാണ് പിരിച്ചുവിടൽ നടപടികൾ കൂടുതലായും ബാധിക്കുക .
സ്ഥാപനത്തെ മെച്ചപ്പെട്ട സാങ്കേതിക വിദ്യാ കമ്പനി ആക്കുന്നതിനും വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിൽ ദീർഘ വീഷണത്തോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്താനും വേണ്ടിയാണ് പിരിച്ചുവിടൽ നടപടിയെന്നായിരുന്നു ് സക്കർബർഗിന്റെ വിശദീകരണം.
2022 നവംബർ 8 വരെയുള്ള കണക്കുകൾ പ്രകാരം, കമ്പനിക്ക് ആഗോളതലത്തിൽ 87,000 ജീവനക്കാരുണ്ട്.
ആമസോൺ
ആമസോണിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത വരും ആഴ്ചകളിൽ 9,000 ജീവനക്കാരെ കൂടി പിരിച്ചുവിടുമെന്നാണ്. കമ്പനിയുടെ സിഇഒ ആൻഡി ജാസി ജീവനക്കാർക്കുള്ള മെമ്മോയിലാണ് ഇക്കാര്യം അറിയിച്ചത്. പരസ്യവിഭാഗത്തിൽ നിന്നുമായിരിക്കും തൊഴിലാളികളെ പിരിച്ചുവിടുക എന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല പുതിയ റൗണ്ട് പിരിച്ചുവിടലുകൾ യുഎസിലും കാനഡയിലുടനീളമുള്ള പരസ്യ വിഭാഗത്തിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാഴ്ച മുമ്പ് കമ്പനി ഗെയിമിംഗ് വിഭാഗത്തിൽ നിന്ന് നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 2023ഓടെ ആഗോളതലത്തിൽ 18,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് ആമസോൺ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വാൾട്ട് ഡിസ്‌നി
ടെക് കമ്പനികൾക്ക് പുറമെ, വാൾട്ട് ഡിസ്നി പോലുള്ള കമ്പനികളും ജീവനക്കാരെ പിരിച്ചുവിടാനുള്ള പാതയിലാണ്. വാൾട്ട് ഡിസ്‌നി കമ്പനിയുടെ, എന്റർടെയ്ൻമെന്റ് വിഭാഗത്തിന്റെ 15 ശതമാനം ഉൾപ്പെടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നു. കമ്പനിയുടെ ടിവി, ഫിലിം, തീം പാർക്കുകൾ, എന്നിവയിൽ ജോലി ചെയ്യുന്നവരെയാണ് കൂട്ട പിരിച്ചുവിടൽ ബാധിക്കുക. എകദേശം 220,000-ത്തിലധികം ജീവനക്കാരുളള കമ്പനിയിൽ നിന്നും 7,000 പേരെ പിരിച്ചുവിടാനുള്ള പദ്ധതി ഫെബ്രുവരിയിൽ ഡിസ്‌നി പ്രഖ്യാപിച്ചിരുന്നു.കമ്പനിയിലുടനീളമുള്ള 5.5 ബില്യൺ ഡോളർ ചിലവ് ലാഭിക്കലാണ് ലക്ഷ്യം. സ്ട്രീമിംഗ് ബിസിനസിന്റെ വളർച്ചയ്ക്കും ലാഭത്തിനുമാണ് കമ്പനി മുൻഗണന നല്കുന്നത്.
Read more: ടാറ്റയെ നേരിടാൻ മുകേഷ് അംബാനി; ഒരുങ്ങുന്നത് ലക്ഷ്വറി ബ്രാൻഡുകളുടെ ഏറ്റുമുട്ടൽ
പിരിച്ചുവിടൽ പാതയിൽ മറ്റ് കമ്പനികളും
2023ൽ മെറ്റായും ആമസോണും ഉൾപ്പെടെ 612 ടെക് കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിട്ടത്. ആപ്പിൾ, നെറ്റ്ഫ്‌ലിക്‌സ്, അൺഅകാഡമി, ട്വിറ്റർ, ആൽഫബെറ്റ്, ആക്സെഞ്ചർ, മൈക്രോസോഫ്റ്റ്, പേപാൽ തുടങ്ങി നിരവധി ടെക് കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. 2023 ജനുവരിയിൽ 271 കമ്പനികളിൽ നിന്നുള്ള 89,514 ജീവനക്കാരും, ഫെബ്രുവരിയിൽ 176 കമ്പനികളിൽ നിന്ന് 39,441 ജീവനക്കാരും, മാർച്ചിൽ 120 കമ്പനികളിൽ നിന്നായി 37,662 ജീവനക്കാരും,ഏപ്രിൽ മാസത്തിൽ ഇതുവരെ 45 കമ്പനികളിൽ നിന്ന് 5,043 ജീവനക്കാരും ഉൾപ്പെടെ മൊത്തം 1,71,660 ജീവനക്കാരെയാണ് ഈ വർഷം തുടങ്ങിയത് മുതൽ ഇതുവരെ ടെക് കമ്പനികൾ പിരിച്ചുവിട്ടത്.