പ്രവാസികളിൽ ഏറ്റവും സമ്പന്നൻ ആര്? ആദ്യ പത്തിൽ ഇടം നേടി എം.എ യൂസഫലി; മൊത്തം ആസ്തിയുടെ കണക്കുകൾ ഇതാ
അറുപത്തിയെട്ടുകാരനായ എം.എ യൂസഫലിയുടെ ആസ്തി എത്രയാണെന്ന് അറിയാമോ..
ദില്ലി: 2024-ലെ ഹുറുൺ ഇന്ത്യ സമ്പന്ന പട്ടിക പ്രകാരം രാജ്യത്തെ ഏറ്റവും ധനികരായ പ്രവാസികളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ബുധനാഴ്ച പുറത്തിറക്കിയ ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ മൊത്തം 102 പ്രവാസികളാണ് ഇടപിടിച്ചത്. അറുപത്തിയെട്ടുകാരനായ എം.എ യൂസഫലിയുടെ ആസ്തി 55,000 കോടിയാണ്. പട്ടികയിൽ എട്ടാം സ്ഥാനത്തതാണ് അദ്ദേഹം.
പട്ടികയിൽ, 192,700 കോടി രൂപയുമായി ഗോപിചന്ദ് ഹിന്ദുജയാണ് ഏറ്റവും സമ്പന്നരായ എൻആർഐ. 160,900 കോടി രൂപയുടെ ആസ്തിയുള്ള എൽഎൻ മിത്തലും കുടുംബവുമാണ് രണ്ടാം സ്ഥാനത്താണ്. 1,11,400 കോടി രൂപയുടെ ആസ്തിയുള്ള അനിൽ അഗർവാളും കുടുംബവും മൂന്നാം സ്ഥാനത്താണ്.
റിയൽ എസ്റ്റേറ്റ് ഭീമനായ ഷപൂർജി പല്ലോൻജി മിസ്ത്രി 91,400 കോടി രൂപ സമ്പത്തുമായി നാലാം സ്ഥാനത്താണ്. മൊണാക്കോയിൽ താമസിക്കുന്ന 59 കാരനായ അദ്ദേഹം ഷപൂർജി പല്ലോൻജി ഗ്രൂപ്പിൻ്റെ ചെയർമാനാണ്. ക്ലൗഡ് സെക്യൂരിറ്റിയിലെ മുൻനിര കമ്പനിയായ Zscaler-ൻ്റെ സ്ഥാപകനും സിഇഒയുമായ ജയ് ചൗധരി 88,600 കോടി രൂപയുമായി അഞ്ചാം സ്ഥാനത്താണ്. പെട്രോകെമിക്കൽസിലും ടെക്സ്റ്റൈൽസിലും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഇൻഡോരമയുടെ ചെയർമാനായ ശ്രീ പ്രകാശ് ലോഹ്യ 73,100 കോടി രൂപയുടെ ആസ്തിയുമായി ആറാം സ്ഥാനത്താണ്. മദർസൺ ഇൻ്റർനാഷണലിൻ്റെ ചെയർമാനായ വിവേക് ചാന്ദ് സെഗാളും കുടുംബവും 62,600 കോടി രൂപയുടെ സമ്പത്തുമായി ഏഴാം സ്ഥാനത്താണ്.
ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ സഹസ്ഥാപകനായ രാകേഷ് ഗാങ്‌വാൾ 37,400 കോടി രൂപയുടെ ആസ്തിയുമായി ഒമ്പതാം സ്ഥാനത്താണ്. സോഫ്‌റ്റ്‌വെയർ, ടെക്‌നോളജി നിക്ഷേപങ്ങളിൽ സ്‌പെഷ്യലൈസ് ചെയ്ത സ്ഥാപനമായ സിംഫണി ടെക്‌നോളജി ഗ്രൂപ്പിൻ്റെ സ്ഥാപകനായ റൊമേഷ് ടി വാധ്വാനി 36,900 കോടി രൂപയുടെ സമ്പത്തുമായി പത്താം സ്ഥാനത്തായിരുന്നു.