വില 500 കോടി രൂപ, ആരെയും അസൂയപ്പെടുത്തുന്ന സൗകര്യങ്ങൾ; യൂസഫലിയുടെ പുതിയ പ്രൈവറ്റ് ജെറ്റിന്റെ വിശേഷം
96.1 അടി നീളവും 25.3 അടി ഉയരവുമാണ് വിമാനത്തിന്റെ വലിപ്പം. 94.2 അടിയാണ് ചിറകുവിരിവ്. 500 കോടി രൂപ വരെയാണ് വിമാനത്തിന് വില. ഇതുവരെ കമ്പനിയുടെ 100 ൽ അധികം വിമാനങ്ങൾ വിറ്റു.
രാജ്യത്തെ പ്രധാന വ്യവസായിയായ എം.എ. യൂസഫലിയുടെ പുതിയ സ്വകാര്യ ജെറ്റ് വിമാനത്തിന്റെ സവിശേഷതകൾ പുറത്ത്. മികച്ച സൗകര്യങ്ങളുള്ള ഗൾഫ് സ്ട്രീം ജി 600 വിമാനമാണ് അദ്ദേഹം പുതിയതായി വാങ്ങിയത്. അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്സിന്റെ ഉടമസ്ഥതയിലുള്ള ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സാണ് വിമാനത്തിന്റെ നിർമാതാക്കൾ. ടി7-വൈഎംഎ എന്നതാണ് വിമാനത്തിന്റെ രജിസ്ട്രേഷൻ. പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ എൻജിനാണ് ഉപയോഗിക്കുന്നത്. 2023 ഡിസംബറിലാണ് വിമാനം പുറത്തിറക്കിയതത്. ഒറ്റപ്പറക്കലിൽ 6600 നോട്ടിക്കൽ മൈൽ വരെ താണ്ടാനാകും. 19 പേർക്ക് വരെ സഞ്ചരിക്കാം. 925 കി.മീ വരെയാണ് പരമാവധി വേഗമെന്നതും പ്രത്യേകത. ലോകത്തിലെ ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റാണെന്ന് കമ്പനി പറയുന്നു. 10 പേർക്ക് കിടക്കാനുള്ള സൗകര്യവുമുണ്ട്.
96.1 അടി നീളവും 25.3 അടി ഉയരവുമാണ് വിമാനത്തിന്റെ വലിപ്പം. 94.2 അടിയാണ് ചിറകുവിരിവ്. 500 കോടി രൂപ വരെയാണ് വിമാനത്തിന് വില. ഇതുവരെ കമ്പനിയുടെ 100 ൽ അധികം വിമാനങ്ങൾ വിറ്റു. ന്യൂയോർക്ക്-ദുബൈ, ലണ്ടൻ- ബീജിങ് എന്നീ നഗരങ്ങളിലേക്ക് എവിടെയും ലാൻഡ് ചെയ്യാതെ പറക്കാം. 51000 അടി ഉയരത്തിൽ പറക്കാം. ആഡംബരത്തിൽ മാത്രമല്ല, സുരക്ഷയിലും കേമനാണെന്ന് കമ്പനി അവകാശപ്പെടുന്നു. നേരത്തെ ഉപയോഗിച്ചിരുന്ന എ6-വൈ.എം.എ ഗൾഫ്‍സ്ട്രീം ജി-550 വിമാനം യൂസഫലി വിൽക്കാൻ തീരുമാനിച്ചു.
സ്വകാര്യജെറ്റ് വിമാനങ്ങൾ വാങ്ങാനും വിൽക്കാനും സഹായിക്കുന്ന, അമേരിക്കയിലെ സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ എന്ന കമ്പനിയാണ് വിൽപനയ്ക്കായി പരസ്യം ചെയ്തിരിക്കുന്നത്. എട്ട് വർഷം പഴക്കമുള്ളതാണ് നേരത്തെയുള്ള വിമാനം. ആകെ 3065 മണിക്കൂറുകൾ പറന്നിട്ടുണ്ട്. 2016ലാണ് 350 കോടിയിലധികം രൂപ ചെലവഴിച്ച് എം.എ യൂസഫലി ഗൾഫ്‍സ്ട്രീം ജി-550 വിമാനം സ്വന്തമാക്കിയത്. ലെഗസി 650 വിമാനമായിരുന്നു അതിന് മുമ്പ് ഉപയോഗിച്ചിരുന്നത്.