2022ൽ 34.94 കോടി രൂപ നഷ്ടം, 2024ൽ 22.94 കോടി രൂപ ലാഭം; അമ്പരപ്പിക്കുന്ന നേട്ടവുമായി കൊച്ചി മെട്രോ
റിപ്പോർട്ട് വരുമാനം 151.30 കോടി രൂപയാണെങ്കിലും കൺസൾട്ടൻസി വരുമാനത്തിൽ നിന്നുള്ള 16.93 കോടി രൂപ അധിക വരുമാനവും പലിശ തുകയും പ്രവർത്തന വരുമാനത്തിൽ ചേർക്കുമ്പോൾ 168.23 കോടി രൂപയായി വരുമാനം ഉയര്‍ന്നു.
കൊച്ചി: 2023-24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ ലാഭത്തിലാണെന്ന് കെഎംആർഎൽ. 2023-24 വാർഷിക റിപ്പോർട്ട് അനുസരിച്ച്, പ്രവർത്തന വരുമാനം 151.30 കോടി രൂപയും പ്രവർത്തന ചെലവ് 205.59 കോടി രൂപയുമാണ്. എന്നാൽ, 60.31 കോടി രൂപ നോൺ-മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് (എൻഎംടി) ചെലവ് പ്രവർത്തന ചെലവിൽ നിന്ന് ഒഴിവാക്കിയെന്നും യഥാർത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെഎംആർഎൽ വ്യക്തമാക്കി.
റിപ്പോർട്ട് വരുമാനം 151.30 കോടി രൂപയാണെങ്കിലും കൺസൾട്ടൻസി വരുമാനത്തിൽ നിന്നുള്ള 16.93 കോടി രൂപ അധിക വരുമാനവും പലിശ തുകയും പ്രവർത്തന വരുമാനത്തിൽ ചേർക്കുമ്പോൾ 168.23 കോടി രൂപയായി വരുമാനം ഉയര്‍ന്നു. 2024 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 22.94 കോടി രൂപ പ്രവർത്തന ലാഭം നേടിയെന്നും അധികൃതർ അറിയിച്ചു.
2021-22 സാമ്പത്തിക വർഷത്തിൽ പ്രവർത്തന ലാഭമുണ്ടായിരുന്നില്ല. 34.94 കോടി രൂപയായിരുന്നു നഷ്ടം. എന്നാൽ, 2022-23 സാമ്പത്തിക വർഷത്തിൽ പ്രവർത്തന ലാഭം 5.35 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലും പ്രവർത്തന ലാഭം 22.94 കോടി രൂപയായി ഉയർന്നത് അഭിമാനകരമായ നേട്ടമാണെന്നും കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.