കേരളത്തിൽ പൊറോട്ടയടിച്ച് പഠിച്ചു, അസമിൽ 'പൊറോട്ട കമ്പനി' തുടങ്ങി; ദിഗന്തയുടെ വരുമാനം ലക്ഷങ്ങൾ

ആന്ധ്രയിലേക്ക് മാറിയതോടെ ജീവിതം തകിടം മറിഞ്ഞു. കൈയ്യിലുണ്ടായിരുന്ന സകല സമ്പാദ്യവും നഷ്ടപ്പെട്ട് നിരാശയോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു

Kerala Porotta in Assam Diganta Das business success kgn

തിരുവനന്തപുരം: മലയാളിയുടെ പ്രിയപ്പെട്ട പൊറോട്ട അസമിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്. തൊഴിൽ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി, ഇവിടെ നിന്ന് പഠിച്ച പാഠങ്ങൾ സ്വന്തം നാടായ അസമിൽ പരീക്ഷിച്ച് തുടങ്ങിയ പൊറോട്ട കമ്പനിയാണ് അതിന് കാരണം. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരൻ ഇന്ന് ലക്ഷങ്ങൾ നേടുന്നത്. കേരളത്തിൽ നിന്ന് പൊറോട്ടയടിക്കാൻ പഠിച്ചതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്. 

പത്ത് വർഷം മുൻപാണ് ജീവിതത്തിന്റെ പരാധീനതകളിൽ നിന്ന് രക്ഷ തേടി ദിഗന്ത ദാസ് അസമിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയത്. ഇപ്പോൾ അസമിലെ ബിശ്വനാഥ് ചരിലാലി ജില്ലയിൽ പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സ്വന്തം സംരംഭമുണ്ട് ഇദ്ദേഹത്തിന്. 'ഡെയ്‌ലി ഫ്രഷ് ഫുഡ്' എന്ന സംരംഭം വഴി 18 പേർക്ക് തൊഴിലും നൽകുന്നു. അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസിലൂടെ ദിഗന്തയ്ക്ക് ദിവസം ഒന്നര ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.

'ഇങ്ങനെ ചെയ്യാൻ പൊറോട്ട എന്ത് തെറ്റ് ചെയ്തു?'; രസകരമായ വീഡിയോ...

ദിഗന്ത ദാസ് 2011 ലാണ് കേരളത്തിലെത്തുന്നത്. വയനാട്ടിൽ നിർമ്മാണ മേഖലയിലെ ജോലി വിട്ട് ആലുവയിലേക്ക് പോയി. അവിടെ നിന്ന് പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലെത്തി. ആ ജോലിയിലും അധിക കാലം നിൽക്കാതെ ദിഗന്ത കോഴിക്കോടിന് വണ്ടി കയറി. ഇവിടെ ഒരു ഹോട്ടലിലായിരുന്നു ജോലി കിട്ടിയത്. പിന്നീടുള്ള മാസങ്ങൾ അവിടെ കഴിഞ്ഞു. പിന്നീട് കൂടുതൽ ശമ്പളത്തിൽ തൃശ്ശൂരിൽ ജോയ്‌സ് പാലസ് എന്ന ഹോട്ടലിലേക്ക് മാറി. അവിടെ പ്രധാന പൊറോട്ടയടിക്കാരനായി ദിഗന്ത മാറി.

'രണ്ട് വർഷത്തോളം കേരളത്തിലുണ്ടായിരുന്നു. അവിടെ വെച്ചാണ് പൊറോട്ടയടിക്കാൻ പഠിച്ചത്. പിന്നീട് ബെംഗളുരുവിൽ ഐഡി കമ്പനിയിൽ ജോലി കിട്ടി. കേരളത്തിൽ പൊറോട്ടയടിച്ച പരിചയം ബെംഗളൂരുവിൽ തുണയായി. ഐഡി കമ്പനിയിൽ പൊറോട്ടകൾ തയ്യാറാക്കുന്ന വിഭാഗത്തിലായിരുന്നു പിന്നീട് കുറേ വർഷം ജോലി ചെയ്തത്,'- ദിഗന്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പക്ഷെ ദിഗന്തയുടെ ജീവിതത്തിലെ വലിയ തിരിച്ചടികളാണ് പിന്നീടുണ്ടായത്. ബെംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് സുഹൃത്തിനൊപ്പം ആന്ധ്രയിലേക്ക് മാറാനുള്ള തീരുമാനം ദിഗന്തയ്ക്ക് വലിയ തിരിച്ചടിയായി. ഹൈദരാബാദിൽ 2019 ൽ ഇരുവരും ചേർന്ന് പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സംരംഭം തുടങ്ങി. എന്നാൽ കൊവിഡ് ബിസിനസ് തകർത്തു. ഉണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടമായി. ലോക്ക്ഡൗൺ കാലത്ത് കച്ചവടം നിർത്തി സ്വന്തം നാട്ടിലേക്ക് തിരികെ പോകേണ്ടി വന്നു. പിന്നീട് നാട്ടിൽ പല ജോലികളും ചെയ്താണ് ജീവിച്ചത്.

പൊറോട്ടയും ഇറച്ചിയും ഒരു പതിവാക്കല്ലേ...; കാരണം അറിയാം...

ആറ് മാസം മുൻപാണ് ദിഗന്തയുടെ ജീവിതം വീണ്ടും മാറിമറിയുന്നത്. ഒരിക്കൽ കൂടി 'പൊറോട്ട കമ്പനി' പരീക്ഷിക്കാൻ ദിഗന്ത തീരുമാനിച്ചതോടെയായിരുന്നു അത്. അസമിൽ സമാനമായ ബിസിനസ് ചെയ്യുന്ന സുഹൃത്തിനോട് വിപണിയുടെ സ്വഭാവവും സാധ്യതകളും ചോദിച്ച് മനസിലാക്കി. ഡെയ്‌ലി ഫ്രഷ് ഫുഡ് തുടക്കം കുറിച്ചു. കേരളത്തിലെ പൊറോട്ട രുചിയും ഐഡി കമ്പനിയുടെ പാക്കിംഗ് രീതിയും തുണച്ചതോടെ പൊറോട്ട വമ്പൻ ഹിറ്റായി.

ഇന്ന് ഡെയ്‌ലി ഫ്രഷ് ഫുഡ് 2000ത്തിലധികം പൊറോട്ട പാക്കറ്റുകൾ വിൽക്കുന്നുണ്ട്. അഞ്ച് പൊറോട്ടകളുള്ള ചെറിയ പാക്കറ്റും 10 പൊറോട്ടകളുള്ള വലിയ പാക്കറ്റുമാണ് വിൽക്കുന്നതെന്ന് ദിഗന്ത പറഞ്ഞു. അഞ്ച് പൊറോട്ടയ്ക്ക് 60 രൂപയാണ് വില. 10 പൊറോട്ടയുടെ പാക്കറ്റിന് 100 രൂപയും. 1400 ചെറിയ പാക്കറ്റുകളും 700 വലിയ പാക്കറ്റുകളും ദിവസവും വിൽക്കപ്പെടുന്നുണ്ടെന്ന് ദിഗന്ത പറഞ്ഞു. അടുക്കളയിൽ 8 പേരാണ് ദിവസവും ജോലിക്കെത്തുന്നത്. പത്ത് പേർ സെയിൽസ് വിഭാഗത്തിലും ജോലി ചെയ്യുന്നുണ്ട്. അസമിൽ അഞ്ച് ജില്ലകളിൽ ഇന്ന് ദിഗന്തയുടെ പൊറോട്ടയ്ക്ക് ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങിനെ അസമിന്റെ മനസും കവരുകയാണ് കേരളാ പൊറോട്ട.

Latest Videos
Follow Us:
Download App:
  • android
  • ios