വന്യജീവി ആക്രമണം; നഷ്ടപരിഹാരത്തിനും പ്രതിരോധത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു
കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്ന് ധനമന്ത്രി.
![Kerala Budget 2025 An additional Rs 50 crore has been sanctioned for compensation and control wild animals attack Kerala Budget 2025 An additional Rs 50 crore has been sanctioned for compensation and control wild animals attack](https://static-gi.asianetnews.com/images/01jkfc6cqma5e1y1wzaney4p0c/k-n-balagopal--1-_363x203xt.jpg)
തിരുവനന്തപുരം: ഈ സർക്കാരിന്റെ കാലത്ത് വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. റാപിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുന്നതിനും മറ്റ് ടീമുകളെ ഏകോപിപ്പിക്കുന്നതിനുമായി നൽകുന്ന വിഹിതവും വർധിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് വന്യമൃഗ പെരുപ്പത്തെ നിയന്ത്രിക്കാനായുള്ള നിയമനിർമാണം ഉൾപ്പെടെ നടത്തേണ്ടതുണ്ടെന്നും ഇതിന് ആവശ്യമായ ഇടപെടലിനായി സംസ്ഥാനം മുൻകൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളുടെ നഷ്ടപരിഹാരവും പ്രതിരോധവുമായി വനം, വന്യജീവി മേഖലയിലെ വിവിധ പ്രവർത്തനങ്ങൾക്ക് പദ്ധതി വികസനത്തിന് പുറമെ വനമേഖലയിലെ വന്യമൃഗ ശല്യം നിയന്ത്രിക്കാനും വന മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനും പ്രത്യേക പാക്കേജിന് പ്ലാനിൽ അനുവദിച്ചിട്ടുള്ള തുകയ്ക്ക് പുറമെ 50 കോടി രൂപ കൂടി അധികമായി അനുവദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ബജറ്റിൽ ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച ധനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് 2,221 കോടി രൂപ ആവശ്യമാണെന്ന് പറഞ്ഞു. ഇതിനായി കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. വയനാട്ടിൽ സംഭവിച്ചത് 1,202 കോടിയുടെ നഷ്ടമാണെന്നും കെ.എൻ ബാലഗോപാൽ അറിയിച്ചു.